news-photo
കൃഷ്ണന്‍ നമ്പൂതിരി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ആദ്യമായാണ് കൃഷ്ണൻ നമ്പൂതിരി മേൽശാന്തിയാകുന്നത്. ഒക്ടോബർ ഒന്നു മുതൽ ആറുമാസമാണ് കാലാവധി. ഇന്ന് ഉച്ചപൂജയ്ക്കു നട തുറന്നശേഷം മേൽശാന്തിയുടെ ചുമതലയുള്ള ക്ഷേത്രം ഓതിക്കൻ പഴയത്ത് സതീശൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. സെപ്തംബർ 30ന് രാത്രി അത്താഴപൂജയ്ക്കു ശേഷം ചുമതലയേൽക്കും. ഇതിനു മുന്നോടിയായി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. കൊവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ ആറ് മാസമായി ക്ഷേത്രത്തിൽ മേൽശാന്തി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന മേൽശാന്തിയുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചെങ്കിലും ഏപ്രിൽ 17 വരെ നീട്ടി നൽകി. ഇതിനുശേഷം ഓതിക്കൻ കുടുംബാംഗങ്ങളാണ് മേൽശാന്തിയുടെ ചുമതല നിർവഹിച്ചിരുന്നത്.