മാള: സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകൾ നവീകരിച്ചിട്ടുള്ളതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. പൊയ്യ പഞ്ചായത്തിലെ മഠത്തുംപടി വില്ലേജ് ഓഫീസ് ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിക്കുകയായിരുന്നു. സംസ്ഥാനത്ത് 1400 വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 300 കോടി രൂപയാണ് വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനായി റവന്യു വകുപ്പ് അനുവദിച്ചിട്ടുള്ളത്. ജന സൗഹൃദ കേന്ദ്രങ്ങളായി റവന്യൂ ഓഫീസുകൾ മാറണമെന്നും അത് സർക്കാർ നയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് സർക്കാരിലെ റവന്യൂ വകുപ്പിന്റെ നേട്ടങ്ങൾ അഭിമാനകരമാണ്. ഓഫീസുകളിൽ ജോലി ചെയ്യുന്നതിന് ജീവനക്കാർക്ക് നല്ല അന്തരീക്ഷം ഉണ്ടാകണമെന്നതിനാലാണ് നവീകരണങ്ങൾ നടത്തിയിട്ടുള്ളത്. ശേഷിക്കുന്ന വില്ലേജ് ഓഫീസുകൾ ആറ് മാസത്തിനകം നവീകരണം പൂർത്തിയാക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, വൈസ് പ്രസിഡന്റ് സിബി ഫ്രാൻസിസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം. അയ്യപ്പൻകുട്ടി, സരോജ വേണുശങ്കർ, ഹെൻസി ഷാജു, തഹസിൽദാർ കെ. രേഖ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.