മണ്ണുത്തി: മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയിൽ ദിനംപ്രതി വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ മണ്ണുത്തി മുതൽ ജില്ലാ അതിർത്തിയായ വാണിയംപാറ വരെ എഴുപതോളം വാഹനാപകടങ്ങൾ നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അപകടങ്ങളിൽ 13 പേരുടെ ജീവൻ പൊലിഞ്ഞു. നിരവധി പേർക്ക് ഗുരുതര പരിക്കുകളും സംഭവിച്ചു.
കരാർ കമ്പനിയായ കെ.എം.സിയുടെയും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടേയും ആനാസ്ഥയാണ് നിലവിലെ പാതയുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്. പാതയിലെ നിർമ്മാണം വിലയിരുത്താനും മറ്റു നടപടികൾ കൈക്കൊള്ളാനുമായി സൂപ്പർവൈസിംഗ് ഇൻഡിപ്പെൻഡന്റ് എൻജിനിയേർസ്,​ ഐ.സി.ടി,​ സേഫ്റ്റി കൺസൽട്ടന്റ് എന്നീ ഏജൻസികൾ വർഷങ്ങളായി രംഗത്തുണ്ടെന്നും എന്നാൽ അവ നിലവിൽ സജീവമാണോ എന്ന് അറിയില്ലെന്നുമുള്ള ആക്ഷേപങ്ങളും നിലനിൽക്കുന്നു.

കുതിരാൻ പഴയ പാതയ്ക്ക് സമാന്തരമായി വനം വകുപ്പിന്റെ സ്ഥലം കേന്ദ്ര അനുമതിയോടെ തുരങ്ക നിർമ്മാണത്തിനായി നൽകുകയായിരുന്നു. പിന്നീട് പഴയ പാത നിർമ്മാണം പ്രതിസന്ധിയിലായി. തുരങ്കമുഖത്ത് മൺ ഭിത്തി ഇടിയുമ്പോഴും ഉൾവശങ്ങളിൽ വെള്ളക്കെട്ട് സംഭവിക്കുമ്പോഴുമാണ് സമാന്തര പാതയുടെ പ്രസക്തിയേറുന്നത്. നിലവിൽ തുരങ്ക നിർമ്മാണം നീളുന്ന സാഹചര്യത്തിൽ പഴയ പാത പുനർ നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അപകടം വർദ്ധിച്ചു വരുന്ന മുടിക്കോട് സെന്ററിൽ അംഗീകാരം ലഭിച്ച അടിപ്പാത നിർമ്മാണം വേഗത്തിലാക്കണമെന്നും,​ മുല്ലക്കരയിൽ സിഗ്നൽ സംവിധാനം ഒരുക്കാനും ആവശ്യമുയരുന്നുണ്ട്. പട്ടിക്കാട് സെന്ററിൽ പുരോഗമിക്കുന്ന അടിപ്പാത നിർമ്മാണം പാതി വഴി തുടരുന്ന സാഹചര്യത്തിൽ സർവീസ് റോഡിലുടെയുള്ള വാഹനങ്ങളുടെ യാത്രയും അപകട സാദ്ധ്യത വിളിച്ചുവരുത്തുന്നു.

............................

അപകട കാരണങ്ങൾ

ശാസ്ത്രീയമല്ലാത്ത പാത നിർമ്മാണം

മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് റോഡും ഡിവൈഡറുകളും തുറന്ന് വയ്ക്കുന്നത്

ദിശാ ബോർഡുകളുടെ അഭാവം

പാതയിൽ രൂപപ്പെടുന്ന ആഴത്തിലുള്ള ഗർത്തങ്ങൾ

ഡ്രൈവർമാരുടേയും കാൽനട യാത്രക്കാരുടേയും അശ്രദ്ധ