mmm
ആഗസ്റ്റ് 26ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത

കാഞ്ഞാണി: മണലൂരിനെയും കാരമുക്കിനെയും ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡ് വെട്ടിപ്പൊളിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴും പൂർവസ്ഥിതിയിലാക്കാൻ നടപടിയില്ല. അശാസ്ത്രീയമായി കാരമുക്ക് - ചിറക്കാപ്പ് പഞ്ചായത്ത് റോഡും ഇറിഗേഷന്റെ പാലവും ചാത്തംകുളങ്ങര പാടശേഖരത്തിലൂടെ നിർമ്മിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.

കഴിഞ്ഞ മഴയിൽ 13,12 വാർഡുകളിലും സമീപപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറിതോടെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് അധിക‌ൃതർ റോഡ് വെട്ടിപൊളിക്കുകയായിരുന്നു. എന്നാൽ റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. റോഡിന് മുകളിൽ പലകയിട്ടാണ് ഇപ്പോൾ ആളുകളുടെ സഞ്ചാരം.

റോഡ് വെട്ടിപ്പൊളിച്ചിട്ട ഭാഗത്ത് വലിയ പൈപ്പിട്ട് മണ്ണിട്ട് നികത്തി പൂർവ്വസ്ഥിതിയിലാക്കാനുള്ള ഫണ്ട് പഞ്ചായത്തിന് ഇല്ലാത്തതിനാൽ ജലസേചന വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി പൂർവസ്ഥിതിയിലാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. എന്നാൽ ഭരണസമിതി തീരുമാനം ജലസേചന വകുപ്പിനെ അറിയിക്കാൻ വൈകിയതിനാൽ കഴിഞ്ഞ 30ന് ശേഷം ഫണ്ട് വിനിയോഗിക്കാൻ കഴിയാതെപോയെന്ന് വകുപ്പ് അധിക്യതർ പറയുന്നു.
റോഡ് ഗതാഗതയോഗ്യമാക്കാൻ വൈകുമ്പോൾ നാട്ടുകാർ കുടുതൽ ദുരിതത്തിലാകുകയാണ്. അടിയന്തര പ്രധാന്യത്തോടെ പൂർവസ്ഥിതിലാക്കേണ്ട റോഡാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം അനന്തമായി നീളുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.


++++++++
മഴക്കാല ഒരുക്കങ്ങൾക്കായുള്ള ഫണ്ടാണ് ഉണ്ടായിരുന്നത്. ആ തുക കഴിഞ്ഞ 30ന് കഴിഞ്ഞു. ഇനി ഒരു വാർഷിക അറ്റകുറ്റപ്പണിക്കുള്ള തുകയാണുള്ളത്. ഈ ഫണ്ട് ഉപയോഗിച്ച് പൊളിച്ചിട്ട ഭാഗത്ത് പൈപ്പ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും. തത്കാലം റോഡ് ഉപയോഗിക്കാവുന്ന തരത്തിൽ മണ്ണിട്ട് നികത്താൻ പഞ്ചായത്ത് അധിക്യതരോട് പറഞ്ഞിട്ടുണ്ട്. വാർഷിക അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് വരുമ്പോൾ മണ്ണ് മാറ്റി പൈപ്പിടാനുള്ള നടപടി സ്വീകരിക്കും.
- സാബു, അസി. എൻജിനിയർ, ജലസേചന വിഭാഗം, ചാവക്കാട്.

++++
ജലസേചന വിഭാഗം അധിക്യതരുമായി ബന്ധപ്പെട്ടിരുന്നു. വാർഷിക അറ്റകുറ്റപ്പണിക്കുള്ള തുക വരണമെന്നാണ് പറഞ്ഞത്. പഞ്ചായത്ത് എൻജിനിയറോട് എസ്റ്റിമേറ്റ് എടുക്കാൻ പറഞ്ഞിട്ടുണ്ട്. അതിനുശേഷം എന്തുചെയ്യാൻ കഴിയുമെന്ന് തീരുമാനിക്കും.

- വിജി ശശി, പ്രസിഡന്റ്, മണലൂർ പഞ്ചായത്ത്