തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളിൽ നിന്ന് സ്വപ്ന സുരേഷ് ഫോൺ ചെയ്തില്ലെന്ന് നഴ്‌സുമാരും മറ്റ് ജീവനക്കാരും രേഖാമൂലം അറിയിച്ചു. ഇന്റലിജന്റ്സ് അന്വേഷണത്തിലും ഫോൺ വിളിച്ചതായി സൂചനയില്ലെന്നാണ് വിവരം.

തടവുകാരുടെ വാർഡിന് സമീപമുളള വാർഡിലുളള നഴ്സുമാരും മറ്റ് ജീവനക്കാരും അടക്കം 40 ഓളം പേരോടാണ് കഴിഞ്ഞ ദിവസം

പ്രിൻസിപ്പൽ രേഖാമൂലം വിദശീകരണം തേടിയത്.

സ്വപ്നയെ പ്രവേശിപ്പിച്ച കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഡിസ്ചാർജ് ചെയ്ത ദിവസം വരെ വാർഡിൽ ജോലി ചെയ്തവരാണിവർ. സ്വപ്നയുടെ സമീപം എപ്പോഴും വനിതാ പൊലീസുണ്ടായിരുന്നുവെന്നും വാർഡിന് പുറത്തും പൊലീസുണ്ടായിരുന്നുവെന്നും നഴ്സുമാർ വ്യക്തമാക്കി. നഴ്സുമാരിൽ ഒരാളുടെ ഫോണിൽ നിന്ന് സ്വപ്ന ഉന്നതനായ വ്യക്തിയെ വിളിച്ചതായി പ്രചരണമുണ്ടായിരുന്നു.

സ്വപ്ന ചികിത്സയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ വനിതാ സെല്ലിൽ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോൺവിളി വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം, സ്വപ്ന സെല്ലിനുള്ളിൽ ഫോൺ ചെയ്‌തെന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും വ്യക്തമാക്കിയിരുന്നു.