pooram

തൃശൂർ: കഴിഞ്ഞ ഉത്സവ സീസണിന്റെ പകുതിയോളം കവർന്നെടുത്ത കൊവിഡ് മഹാമാരി ഒഴിയുന്നതിന് മുൻപേ പുതിയ ഉത്സവകാലത്തിന് നാളെ തുടക്കം. ഇത്തവണയും ചടങ്ങുകളായി മാത്രമേ ഉത്സവങ്ങൾ നടത്താൻ സാധിക്കൂവെന്നാണ് വിലയിരുത്തൽ. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം പൂർണ്ണമായും ഒഴിവാക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാകും ഉണ്ടാവുക.

മദ്ധ്യകേരളത്തിലെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തിരുവില്വാമല നിറമാലയാണ് നാളെ. കേരളത്തിലെ പ്രശ്‌സതരായ വാദ്യകലാകാരൻമാരും ഗജവീരൻമാരും അണിനിരക്കുന്ന തിരുവില്വാമല നിറമാലയോടെ മദ്ധ്യകേരളത്തിൽ തുടർന്നുള്ള നാളുകൾ ആഘോഷങ്ങളുടെ ദിനങ്ങളാണ്. തൃപ്രയാർ ഏകാദശി, ഗുരുവായൂർ ഏകാദശി, പൂയം, മച്ചാട് മാമാങ്കം, ഉത്രാളിക്കാവ് പൂരം, ഭൂമിയിലെ ദേവമേളയെന്ന് അറിയപ്പെടുന്ന ആറാട്ടുപുഴ പൂരം, കൂടൽമാണിക്യം ഉത്സവം തുടങ്ങി ഒട്ടനവധി ഉത്സവങ്ങളും ഇതിന് പിറകെയാണ് നടക്കുക.
അവസാനം പറക്കോട്ടുകാവ് താലപ്പൊലിയോടെയാണ് സമാപനം. കഴിഞ്ഞ സീസണിൽ തൃശൂർ പൂരം, ആറാട്ടുപുഴ പൂരം, ശിവരാത്രി, ഇരിങ്ങാലക്കുട ഉത്സവം എന്നിങ്ങനെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉത്സവങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല. തൃശൂർ പൂരം, ചടങ്ങായി മാത്രം നടത്തി അവസാനിപ്പിച്ചപ്പോൾ മറ്റ് രണ്ട് ഉത്സവങ്ങളും ഉപേക്ഷിച്ചു. ഉത്സവ സീസൺ ഇല്ലാതായതോടെ നിരവധി മേഖകളിൽ ഉള്ളവരാണ് ദുരിതത്തിലായത്. വാദ്യക്കാർ, കലാകാരൻമാർ, ഉത്സവക്കച്ചവടക്കാർ എന്നിവരെല്ലാം തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലാണ്.

ആയിരക്കണക്കിന് പേരാണ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നത്. ഉത്സവങ്ങളിലെ പ്രധാന ആകർഷണമായ ആനകൾക്ക് വരെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലെത്തി നിൽക്കുന്നു. പുതിയ ഉത്സവ സീസണിന് മുന്നോടിയായി കലാകാരൻമാരുടെ മുന്നൊരുക്കം എല്ലാം പൂർത്തിയാകാറുണ്ടെങ്കിലും എല്ലാം അനിശ്ചിതത്വത്തിലാണ്.


മുന്നൊരുക്കങ്ങൾ പോലും നടത്താൻ സാധിക്കാതെ കലാകാരൻമാർ
നാടകം, ഗാനമേള, നൃത്തനൃത്യങ്ങൾ, മറ്റ് കലാപരിപാടികൾ എന്നിവയെല്ലാം ഓണത്തോട് കൂടി ആരംഭിക്കാറുണ്ട്. എന്നാൽ ഇത്തവണ യാതൊരു പ്രവർത്തനവും നടന്നിട്ടില്ല. ഒരു സീസണിന്റെ അവസാന സമയത്ത് തന്നെ അടുത്ത വർഷത്തെ സീസണിന് നല്ല കലാകാരൻമാർക്കുള്ള അഡ്വാൻസ് നൽകും. ഇത്തരം പ്രവർത്തനങ്ങൾ കഴിഞ്ഞ ജനുവരിയിൽ തന്നെ പൂർത്തിയാകാറുണ്ട്. ഇതുപ്രകാരം സമിതികളും അഡ്വാൻസ് നൽകി കലാകാരൻമാരെ ബുക്ക് ചെയ്‌തെങ്കിലും അതെല്ലാം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. കലാകാരൻമാർ ഭൂരിഭാഗവും ജീവിക്കാൻ മറ്റ് തൊഴിലുകൾ വരെ തേടിപ്പോകുന്ന സ്ഥിതിയിലെത്തി. ബുക്കിംഗ് സ്ഥാപനങ്ങൾ എല്ലാം തന്നെ കഴിഞ്ഞ മാർച്ചിൽ അടച്ചിട്ടതാണ്. വാടക നൽകാൻ പോലും സാധിച്ചിട്ടില്ലെന്നതാണ് പരിഭവം..

വാദ്യകലകൾക്ക് അനുമതി വേണം

കൊവിഡ് മഹാമാരി ഉണ്ടെങ്കിലും നിയന്ത്രണം പാലിച്ച് സംഘവാദ്യ കലകൾക്ക് അനുവാദം നൽകണം. അതിജീവനത്തിന്റെ വഴിയിലാണ് കലാകാരൻമാർ. മറ്റ് മേഖലകളിലെല്ലാം നിയന്ത്രണങ്ങൾ പാലിച്ച് പരിപാടികൾ നടക്കുന്നുണ്ട്. എന്നാൽ ക്ഷേത്രങ്ങളിലും മറ്റും പത്ത് പേരടങ്ങുന്ന തായമ്പക പോലും നടത്താൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. സെപ്തംബർ 21 മുതൽ പ്രഖ്യാപിച്ച ഇളവുകളിൽ കലാകാരൻമാർക്ക് നൽകാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണം. ഇതിനായി കലാകാരൻമാർ രംഗത്ത് വരണം
- പെരുവനം കുട്ടൻമാരാർ, മേളപ്രമാണി