ഗുരുവായൂർ: ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി തൃശൂർ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ടി. ബ്രീജാകുമാരിയെ നിയമിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. അഡ്മിനിസ്‌ട്രേറ്ററായിരുന്ന എസ്.വി. ശിശിർ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് നിലവിൽ അഡ്മിനിസ്‌ട്രേറ്ററുടെ അധികച്ചുമതല താത്കാലികമായി നിർവഹിച്ചു വരുകയായിരുന്നു. ഗുരുവായൂർ ദേവസ്വത്തിൽ ആദ്യമായാണ് ഒരു വനിത അഡ്മിനിസ്‌ട്രേറ്ററായി നിയമിതയാകുന്നത്. മുമ്പ് നിരവധി പേർ താത്കാലിക ചുമതലകൾ വഹിച്ചിട്ടുണ്ടെങ്കിലും പൂർണ്ണചുമതല വനിതയ്ക്ക് നൽകുന്നത് ആദ്യമായാണ്.
ബ്രീജാകുമാരി കുന്നംകുളം ചൊവ്വന്നൂർ സ്വദേശിനിയാണ്. ഏറെക്കാലം ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പുല്ലക്കുഴി ശ്രീധരൻ നായരുടെ മകളാണ്. 2015- 16ൽ ചാവക്കാട് താലൂക്ക് തഹസിൽദാരായിരുന്നു. പ്രവാസിയായ ശിവദാസാണ് ഭർത്താവ്. മക്കൾ: ശ്രീരാജ്, ശിവരാജ്.
അഡ്മിനിസ്‌ട്രേറ്റർ നിയമനത്തിനായി സർക്കാർ നൽകിയ മൂന്നംഗ പാനലിൽ നിന്നാണ് ബ്രീജാകുമാരിയെ നിയമിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. അഡ്മിനിസ്‌ട്രേറ്റർ സ്ഥാനത്തേക്ക് നിയമിക്കുന്നതിനായി മൂന്നുപേരുടെ പാനൽ സർക്കാർ ദേവസ്വം ഭരണസമിതിക്ക് അയക്കും. അതിൽ നിന്നാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ നിയമിയ്ക്കുക.
ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ.വി. പ്രശാന്ത്, കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി എന്നിവർ ഭരണസമിതി യോഗത്തിൽ പങ്കെടുത്തു.