തൃശൂർ: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും കെ.ടി. റമീസിനെയും വിയ്യൂർ ജയിലിൽ തിരികെയെത്തിച്ചു. റമീസിനെ അതിസുരക്ഷാ ജയിലിലേക്കും, സ്വപ്‌നയെ വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. ഇരുവർക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വിദഗ്ദ്ധ ചികിത്സയിൽ കണ്ടെത്തി. റമീസിന് എൻഡോസ്‌കോപ്പി നടത്തിയെങ്കിലും സ്വപ്‌നയ്ക്ക് ആൻജിയോഗ്രാം പരിശോധനയ്ക്ക് നിർദ്ദേശിച്ചെങ്കിലും സമ്മതിക്കാതിരുന്നതിനെ തുടർന്ന് പരിശോധന നടത്തിയില്ല. മെഡിക്കൽ ബോർഡ് പ്രത്യേക യോഗം ചേർന്നാണ് പരിശോധനാ ഫലങ്ങൾ വിലയിരുത്തി വിടുതൽ നിർദ്ദേശിച്ചത്. ഇരുവരെയും ചൊവ്വാഴ്ച വൈകീട്ടോടെ ജയിലിലെത്തിച്ചു.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആറുദിവസം മുൻപ് ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ഇതിനുശേഷം നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും സ്വപ്‌നയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിറകെ വയറുവേദനയും ഛർദ്ദിയെയും അനുഭവപ്പെട്ടതിനെ തുടർന്ന് റമീസിനെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒന്നിച്ച് ആശുപത്രിയിലെത്തിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കേസ് അട്ടിമറിക്കുന്നതിനും ഉന്നതതല ഗൂഢാലോചനയുടെയും ഭാഗമാണ് ഇതെന്നായിരുന്നു ആരോപണം.

കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ഭർത്താവും മകനുമായി കോടതിയുടെ അനുമതിയോടെ സംസാരിച്ചിരുന്നു. ചൊവ്വാഴ്ചയും ഇവർ എത്തിയിരുന്നുവെങ്കിലും സന്ദർശനത്തിനും സംസാരിക്കുന്നതിനും അനുമതി നൽകിയിരുന്നില്ല. നേരത്തെ ഇ.സി.ജിയിൽ നേരിയ വ്യത്യാസം അനുഭവപ്പെട്ട സാഹചര്യത്തിൽ ആൻജിയോഗ്രാം പരിശോധനയ്ക്ക് തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് നടത്തിയിരുന്നില്ല.

പിന്നീട് വീണ്ടും കഴിഞ്ഞ ദിവസവും ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് സ്വപ്‌നയ്ക്ക് അൻജിയോഗ്രാം പരിശോധനയ്ക്ക് മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. ഇതിനായി ജയിൽ വകുപ്പിന്റെ അനുമതിയായെങ്കിലും പരിശോധിക്കേണ്ടയാൾ കൂടി സമ്മതപത്രം നൽകേണ്ടതുണ്ട്. എന്നാൽ സ്വപ്‌ന അൻജിയോഗ്രാം പരിശോധനയ്ക്ക് സമ്മതമല്ലെന്നാണ് അറിയിച്ചത്. ഇതാണ് നെഞ്ച് വേദന അഭിനയമാണോയെന്ന സംശയത്തിലെത്തിയിരിക്കുന്നത്. ഇതോടെ ആശുപത്രിവാസവും കൂടുതൽ സംശയത്തിലാകുകയാണ്.