swapna-selfie

തൃശൂർ/തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനൊപ്പം ആശുപത്രിയിൽ സെൽഫിയെടുത്ത ആറ് വനിതാ പൊലീസുകാർക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്വപ്‌നയ്ക്കൊപ്പം സെൽഫി എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പൊലീസുകാരിൽ ആർക്കെങ്കിലും സ്വപ്‌നയുമായി അടുത്ത സൗഹൃദം ഉണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവരുടെ ഫോൺവിളികൾ സംബന്ധിച്ചും അന്വേഷണമുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കും. ഉത്തരവാദിത്തം മറന്ന് പ്രവർത്തിച്ചതിന് ഉന്നത ഉദ്യോഗസ്ഥർ പൊലീസുകാരെ ശാസിക്കുകയും ചെയ്തു.

അടുത്തിടെ വകുപ്പുതല നടപടിയുടെ ഭാഗമായി സ്ഥലം മാറ്റപ്പെട്ട ഒരു പൊലീസുകാരിയും സെൽഫി എടുത്തവരിൽപെടുന്നു. തൃശൂർ സിറ്റി പൊലീസിലെ ആറ് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തത്. ഒരു സമയം മൂന്ന് പേരാണ് സ്വപ്‌നയ്ക്കൊപ്പം ഉണ്ടാകേണ്ടത്. മൂന്ന് പേർ ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുകയും മറ്റ് മൂന്ന് പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെൽഫിയെടുത്തത്.

വിവാദ സെൽഫി രഹസ്യമായാണ് പൊലീസ് സൂക്ഷിച്ചിരുന്നതെങ്കിലും ആശുപത്രി വിവരങ്ങളെ സംബന്ധിച്ച അന്വേഷണത്തിലാണ് സെൽഫി വിവരവും പുറത്തറിഞ്ഞത്. ഗുരുവായൂർ, കുന്നംകുളം സബ്ഡിവിഷനിൽ ഉൾപ്പെട്ട വനിതാ പൊലീസുകാർക്കെതിരെയാണ് അന്വേഷണം. ഗുരുവായൂർ സർക്കിളിന്റെ കീഴിലുള്ള മൂന്നു പൊലീസുകാരികൾ ഉൾപ്പെട്ട സെൽഫി സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു.