തൃപ്രയാർ: മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കണമെന്നും, പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞു. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് ഉന്തിയും തള്ളിയും മറികടക്കാൻ ശ്രമിച്ചു.

ഇതിനിടെ രണ്ട് വനിതാ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ലാസമിതി അംഗം അമൃത മുരളി, പി. അനശ്വര എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു സമരം നയിച്ചു. മാർച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സി.ജെ. ജിനു അദ്ധ്യക്ഷനായി. ബി.ജെ.പി നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ ഇ.പി ഹരിഷ് മാസ്റ്റർ, ജനറൽ സെക്രട്ടറി എ.കെ. ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, യുവമോർച്ചാ നേതാക്കളായ വി.എം. കൃഷ്ണദത്ത്, ശ്രീഹരി പെരിങ്ങാട്ട്, കെ.വി. വിജിത്ത് എന്നിവർ നേതൃത്വം നൽകി.

നൂറോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ഫേമസ് വർഗീസ്, വലപ്പാട് സി.ഐ: കെ. സുമേഷ്, അന്തിക്കാട് സി.ഐ: പ്രശാന്ത് ക്ളിന്റ്, വാടാനപ്പിള്ളി സി.ഐ: പി.ആർ. ബിജോയ്, വലപ്പാട് എസ്.ഐ: വി.പി. അരിസ്റ്റോട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹമാണ് മാർച്ച് നേരിടാൻ സിവിൽ സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചിരുന്നത്.