kkk

പുള്ള് മനക്കൊടി റോഡിലുണ്ടായ വെള്ളക്കെട്ട്

അരിമ്പൂർ: കനത്ത മഴയിൽ അരിമ്പൂർ മനക്കൊടി വാരി പടവിന്റെ മോട്ടോർ തറയുൾപ്പടെ വെള്ളം കയറി സമീപത്തെ 500 ഏക്കർ നെൽ കൃഷിയിറക്ക് പ്രതിസന്ധിയിലായി. മനക്കൊടി പുള്ള് റോഡ് മറ്റ് ബണ്ടുകളേക്കാൾ ഒന്നര മീറ്റർ താഴ്ന്ന് കിടക്കുന്നതിനാൽ ചെറിയ മഴ പെയ്താൽ പോലും ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണുള്ളത്.

വാരിയം പടവ് വറ്റിച്ച് ഇരുപൂ കൃഷി ഇറക്കുന്നതിന് ആവശ്യമായ നടപടികൾ ആഗസ്റ്റ് അഞ്ചിന് ആരംഭിച്ചെങ്കിലും പലപ്പോഴായി പെയ്ത മഴയിൽ കാര്യങ്ങൾ അവതാളത്തിലായി. വെള്ളം വറ്റിക്കുന്നതിനായി ഉപയോഗിക്കുന്ന മോട്ടോർ തറ പോലും വെള്ളത്തിനടിയിലാണ്.

മനക്കൊടി പുള്ള് റോഡ് മറികടന്ന് മഴവെള്ളം വാരിയം പടവിലേക്ക് ഒഴുകുമ്പോൾ വിളക്കുമാടം, തോട്ടുപുര, കൊടയാട്ടി, പടവുകളിലേക്കും വെള്ളം കയറും. ഇതിനു പുറമെ കൃഷ്ണൻ കോട്ട, അഞ്ചു മുറി, വാരിയം പടവ്, വിളക്കുമാടം എന്നീ പടവുകളിൽ വേണ്ടത്ര സ്ലൂയീസുകൾ ഇല്ലാത്തതിനാൽ കയറിയ വെള്ളം ഇറങ്ങുകയും എളുപ്പമല്ല. അരിമ്പൂർ പഞ്ചായത്തിലെ പതിനാലോളം പാടശേഖരങ്ങളിൽ ചണ്ടിയും കുളവാഴയും മൂലം ഒഴുക്ക് തടസ്സപ്പെട്ടതിനാൽ പമ്പിംഗ് തുടരാനാകാത്ത സാഹചര്യമാണ്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമെടുത്തെങ്കിലും ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നടപടികളൊന്നും ഉണ്ടായില്ല. പ്രശ്‌നം ഉടൻ പരിഹരിക്കണമെന്നും, ആറുമുറി സ്ലൂയീസ് തുറന്ന് പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നും അരിമ്പൂർ മേഖല കോൾ കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.കെ. ശശിധരൻ, കേരള കർഷക സംഘം അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ. രാഗേഷ് എന്നിവർ ആവശ്യപ്പെട്ടു.

..............................................................................

മഴയും വെള്ളക്കെട്ടും

ചെറിയ മഴ പെയ്താൽ പോലും ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതി

മോട്ടോർ തറ പോലും വെള്ളത്തിനടിയിൽ

വേണ്ടത്ര സ്ലൂയീസുകൾ ഇല്ലാത്തതിനാൽ കയറിയ വെള്ളം ഇറങ്ങുന്നതിനും ബുദ്ധിമുട്ട്

പതിനാലോളം പാടശേഖരങ്ങളിൽ ചണ്ടിയും കുളവാഴയും മൂലം ഒഴുക്ക് തടസ്സപ്പെട്ട നിലയിൽ