ചാലക്കുടി: സിത്താര നഗറിലെ മൂന്നു സഹോദരങ്ങൾ ഇനി നിരാലംബരും നിരാശ്രയരുമല്ല. ആകാശ ദൂതിലെ അനുഭവമല്ല അവരെ കാത്തിരിക്കുന്നതും. ഇവർക്ക് താങ്ങും തണലുമായി ഒരു നാട് കൈക്കോർക്കുകയാണ്. മൂവർ സഹോദരങ്ങൾക്കുള്ള കൊച്ചു ഭവനത്തിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. മാതാപിതാക്കളെ നഷ്ടപ്പെട്ട നൊമ്പരം അലട്ടുമെങ്കിലും അഭിരാമി, ഗൗരി, ശ്രീഹരി എന്നിവർക്ക് തങ്ങളുടെ ഒന്നര സെന്റ് ഭൂമിയിൽ അടച്ചുറപ്പുള്ള വീട്ടിൽ നാട്ടുകാരുടെ സംരക്ഷണയിൽ അന്തിയുറങ്ങാനാകും. നന്തിപുലത്ത് പ്രദീപെന്ന നാൽപ്പത്തിയെട്ടുകാരനെ എലിപ്പനിയുടെ രൂപത്തിൽ മരണം കൂട്ടികൊണ്ടു പോയപ്പോൾ അനാഥമായത് ഈ മൂന്നു കുട്ടികളാണ്. ഒമ്പതാണ്ട് മുമ്പുള്ള അമ്മ ശ്രീകലയുടെ വേർപാടും ഇവരെ തീരാ ദുഖത്തിലാക്കുന്നു.

ബുധനാഴ്ച വീടിന്റെ തറക്കല്ലിടലായിരുന്നു. മൂന്നു മാസത്തിനകം നിർമ്മാണം പൂർത്തിയാകുമെന്ന് നാട്ടുകാരനും കുടുംബത്തിന്റെ സന്തത സഹചാരിയുമായ നഗരസഭാ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ വ്യക്തമാക്കി. ഏതാനും വർഷം മുമ്പ് പതിച്ചു കിട്ടിയ ട്രാംവെ പുറമ്പോക്കിലെ ഇത്തിരി സ്ഥലത്ത് കുടുംബം അർദ്ധ പട്ടിണിയുമായാണ് ദിനരാത്രങ്ങൾ തള്ളി നീക്കിയത്. രണ്ടാഴ്ച മുമ്പ് പ്രദീപ് മരണമടയുമ്പോൾ ഇവരെ വലിയച്ഛൻ മുരളി കൂട്ടികൊണ്ടു പോയി. ഇയാളുടെ ജീവിതവും ദുരിതത്തിലാണെന്നത് നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഒന്നര പട്ടയത്തിന്റെ പരിധിയൽ വരുന്നത് ഒന്നര സെന്റ് സ്ഥലമായതിനാൽ സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ കുടുംബത്തെ ഉൾപ്പെടുത്താൻ സാങ്കേതിക തടസമുണ്ട്. ഇതോടെയാണ് എത്രയും വേഗം ഇവർക്കൊരു വീട് നിർമ്മിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സമിതി രൂപീകരിച്ചത്. അഭ്യുദയകാംക്ഷികളിൽ നിന്നും സഹായം സ്വീകരിക്കലും നിർമ്മാണ പ്രവർത്തനങ്ങളിൽ കൈയ്യും മെയ്യും മറന്നു സഹായിക്കലും ഇവരുടെ ദൗത്യമാണ്. പഠനവും പെൺകുട്ടികളുടെ വിവാഹവും ഇവർ ഏറ്റെടുക്കും. ഇതിനായി പണം സ്വീകരിക്കുന്നതിന് ബാങ്ക് എക്കൗണ്ടും തുടങ്ങി. പിതാവിന്റെ കലാവാസനയിൽ പകർന്നു കിട്ടിയ വാദ്യമേളം എട്ടാം ക്ലാസുകാരനായ ശ്രീഹരിയിലും സംഗീതത്തിന്റെ അനുഗ്രഹം ലഭിച്ച അഭിരാമി ഗൗരിമാരിലും അവ വികസിപ്പിച്ചെടുക്കൽ ചുമതലയും നാട്ടുകാർ, സുമനസുകൾ ഏറ്റെടുക്കുകയാണ്.

കൊവിഡിനെ പൊരുതി തോൽപ്പിക്കുന്ന ചാലക്കുടിക്കാരുടെ മറ്റൊരു ദൃഢനിശ്ചയമായി മാറുകയാണ് ഈ മൂന്നു മക്കൾക്ക് ഒരു ജീവിതം കരുപ്പിടിക്കലെന്നതും. വാർഡ് കൗൺസിലർ മോളി പോൾസൺ(ചെയർമാൻ), കെ.വി. ജയരാമൻ (വൈസ് ചെയർമാൻ), എം.എം. ഷക്കീർ(കൺവീനർ), പ്രീതി ബാബു (ജോ.കൺവീനർ), കെ.എം. പ്രിയൻ(ട്രഷറർ) എന്നിവർ അടങ്ങിയതാണ് കുടുംബ സംരക്ഷണ സമിതി.