മാള: അന്നമനട ഗ്രാമപഞ്ചായത്തിന്റെ കടമുറികളിലെ വാടക പിരിക്കുന്നതിലുള്ള ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് സി.പി.ഐ. കെ.എസ്.ഇ.ബി ഓഫീസ് വാടകയുടെ പേരിൽ മാറ്റിക്കൊണ്ടുപോകാൻ ഇടയായത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് കാരണമാണെന്ന് സി.പി.ഐ അന്നമനട ലോക്കൽ കമ്മിറ്റി ആരോപിച്ചു. കെ.എസ്.ഇ.ബി ഓഫീസിന് വാടക വർദ്ധിപ്പിച്ചത് സംബന്ധിച്ച കരാറും ഉണ്ടായിരുന്നില്ല. സബ് ട്രഷറിക്ക് വാടക ഇല്ലാതെ സ്ഥലം നൽകിയപ്പോൾ കെ.എസ്.ഇ.ബിക്ക് വാടക കുടിശ്ശികയുടെ പേരിലുള്ള നടപടി നോട്ടീസാണ് ഉണ്ടായതെന്നും ഇക്കാര്യത്തിലെ നടപടിക്രമത്തിലെ വീഴ്ചകൾ പരിഹരിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. 20 വർഷമായി അന്നമനടയിൽ പ്രവർത്തിക്കുന്ന സെക്‌ഷൻ ഓഫീസ് വാടകയുടെ പേരിലാണ് മാറ്റുന്നതെന്നത് ഗൗരവമാണ്. വാർത്താ സമ്മേളനത്തിൽ സി.പി.ഐ അന്നമനട ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.കെ. അനിലൻ, കെ.പി. സലി എന്നിവർ പങ്കെടുത്തു.