ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാലത്തിന്റെ രൂപരേഖയിൽ മാറ്റം. മേൽപ്പാലത്തിന്റെ വീതിയും നീളവും വർദ്ധിപ്പിച്ചു. വീതി 10.15 മീറ്ററാക്കിയും നീളം 517.32 മീറ്ററായുമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്.
നേരത്തെ 462.2 മീറ്റർ നീളവും 8.4 മീറ്റർ വീതിയുമായാണ് മേൽപ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നത്. കിഴക്കേ നടയിൽ നിലവിലുള്ള റെയിൽവേ ഗേറ്റിന് മുകളിലൂടെയാണ് മേൽപ്പാലം നിർമിക്കുന്നത്. വാഹനങ്ങൾ കടന്നു പോകുന്നതിന് 7.5 മീറ്റർ വീതിയിൽ റോഡ് നിർമിക്കും. ഇരുവശത്തും 1.5 മീറ്ററിൽ നടപ്പാതയാണ്.
കിഴക്കേ നടയിലെ പെട്രോൾ പമ്പിനു മുന്നിൽ നിന്നാണ് മേൽപ്പാലം ആരംഭിക്കുക. നാലു മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും. 23.45 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഭൂമിയെടുക്കൽ നടപടികൾ പൂർത്തിയായതോടെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കിഫ്ബി വേഗത്തിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻഗണന പട്ടികയിലുള്ള പത്തു പദ്ധതികളിൽ പെടുത്തിയാണ് ഗുരുവായൂർ മേൽപ്പാല നിർമാണത്തിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നത്. ടെൻഡർ ഉറപ്പിച്ചു നൽകിയാലുടൻ നിർമാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കിഫ്ബി.
.................................
ഏറെക്കാലത്തെ ഗതാഗത കുരുക്കിന് പരിഹാരം
നിലവിൽ നിരവധി തവണയാണ് കിഴക്കേനടയിലെ പ്രധാന റോഡിലുള്ള റെയിൽവേ ഗേറ്റ് അടയ്ക്കുന്നത്. തീവണ്ടികൾ കടന്നു പോകുമ്പോൾ ഗേറ്റ് അടയ്ക്കുന്നത് കൂടാതെ സ്‌റ്റേഷനിലെത്തുന്ന തീവണ്ടികളുടെ എൻജിനുകൾ മാറ്റുന്നതിനായും പലതവണ ഗേറ്റ് അടക്കുക പതിവാണ്. കിഴക്കേനടയിൽ നിന്ന് തൃശൂരിലേയ്ക്കുള്ള പ്രധാന റോഡായതിനാൽ ഇവിടെ ഗതാഗതകുരുക്കും ഈ സമയങ്ങളിൽ രൂക്ഷമാകാറുണ്ട്. ഇതിനൊക്കെ പുറമെ ഗേറ്റ് തകരാറിലാകുമ്പോഴും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കും. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് മേൽപ്പാലം വേണമെന്നത് ഗുരുവായൂരിലെ ജനങ്ങളുടേയും തീർത്ഥാടകരുടേയും ഏറെക്കാലമായുള്ള ആവശ്യമാണ്.