ചാലക്കുടി: 67 വർഷം പഴക്കമുള്ള ശിലാഫലകം നിത്യ സ്മാരകമാക്കാൻ ഒരുങ്ങി ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്. 1953ൽ പ്രവർത്തനം ആരംഭിച്ച ബ്ലോക്ക് ഓഫീസിന്റെ ശിലയാണ് പ്രത്യേകം തയ്യാറാക്കുന്ന സ്മാരകമാകുന്നത്. ഓഫീസ് അങ്കണത്തിൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അന്ന് മേയ് 3നായിരുന്ന കേന്ദ്രമന്ത്രി എസ്.കെ. ഡേയാണ് ഒറ്റമുറിയിൽ നിർമ്മിച്ച കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. ആ വർഷംതന്നെ പണി പൂർത്തീകരിക്കുകയും ചെയ്തു. ഇതു ഏറെക്കാലം കേന്ദ്ര സർക്കാരിന്റെ എൻ.ആർ.എൽ.എം പദ്ധതികളുടെ നടത്തിപ്പിന് ബി.ഡി.ഒയുടെ കാര്യാലയമായിരുന്നു.
പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നതിന് ശേഷം 1995 ലായിരുന്നു ബ്ലോക്ക് പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത്. സി.പി.എമ്മിലെ പി.എ. അരവിന്ദാക്ഷ മേനോനായിരുന്നു ആദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. പുതിയ അനക്‌സ് കെട്ടിടത്തിലേയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാറ്റുന്നതിന് കർമ്മ പദ്ധതികൾ തയ്യാറാക്കിയത് ഇപ്പോഴത്തെ ഭരണ സമിതിയും. വിവിധ ഏജൻസികളുടെ കാര്യാലയങ്ങൾ പ്രവർത്തിക്കുന്ന അനുബന്ധ കെട്ടിടങ്ങൾ അടക്കം നൂതന സംവിധാനമാണ് ഇന്ന് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്. ഇതിനിടയിലും പഴമയുടെ പുതുമ നില നിറുത്തുന്നതാണ് കെ.കെ. ഷീജു പ്രസിഡന്റും അഡ്വ. വിജുവാഴക്കാല വൈസ് പ്രസിഡന്റുമായ ഇപ്പോഴത്തെ ഭരണ സമിതിയുടെ ദൗത്യം.