തൃശൂർ: കോർപറേഷൻ കൗൺസിലിൽ ക്വാറം തികയ്ക്കാൻ അരമണിക്കൂറോളം യോഗം നിറുത്തിവെച്ചു. ഇത് കോർപറേഷൻ ചരിത്രത്തിൽ ആദ്യമാണ്.
തുടർച്ചയായി കൗൺസിൽ വിളിക്കുന്നതിലുള്ള പ്രതിഷേധം വ്യാപകമായതിനിടെ 35 പേർ വിട്ടുനിന്നു. ഭരണപക്ഷത്തെ 10 പേരും ഇതിലുൾപ്പെടും. ബി.ജെ.പിയിലെ മൂന്ന് അംഗങ്ങൾ എത്തിയിരുന്നില്ലെങ്കിൽ ക്വാറമില്ലാതെ യോഗം പിരിച്ചുവിടേണ്ടിവരുമായിരുന്നു.
പലയിടത്തുനിന്നും കൗൺസിലർമാരെ വിളിച്ചു വരുത്തിയാണ് ക്വാറം തികച്ചത്. കൗൺസിലർക്ക് അടക്കം രോഗബാധയുണ്ടായിട്ടും തുടർച്ചയായി കൗൺസിൽ യോഗങ്ങൾ വിളിക്കുകയാണെന്നു പരാതിയുണ്ട്. ഒരാഴ്ച്ചക്കിടെ അഞ്ചാമത്തെ യോഗമാണ് നടത്തിയത്. വൈകീട്ട് നാലിനായിരുന്നു യോഗം.
വിവാദ അജൻഡകൾ എളുപ്പത്തിൽ പാസാക്കാനാണ് ദുരൂഹനീക്കമെന്നു പരാതിയുണ്ട്. 55 അംഗ കൗൺസിലിൽ ക്വാറം തികയാൻ വേണ്ടത് 19 പേരുടെ സാന്നിധ്യമാണ്. ബി.ജെ.പിയുടെ കെ.മഹേഷ്, വിൻഷി അരുൺകുമാർ, ഐ.ലളിതാംബിക എന്നിവരാണ് പങ്കെടുത്തത്. ഭരണപക്ഷത്തെ 10 പേരും വിട്ടുനിന്നത് ശ്രദ്ധേയമായി.
അതിനിടെ ലാലൂരിൽ മാറ്റിവെച്ച വിവാദ അജൻഡ വീണ്ടും കൊണ്ടുവരാനുള്ള നീക്കവും പാളി. സി.പി.എം ജില്ലാനേതൃത്വം ഇടപെട്ടതോടെയാണ് അജൻഡ മാറ്റിയത്. കാന സ്ലാബിട്ടു മൂടി സ്വകാര്യവ്യക്തിക്ക് സൗകര്യം ചെയ്തു കൊടുത്തുവെന്നതിന്റെ പേരിൽ വൻ ആരോപണമുയർന്നിരുന്നു. സി.പി.എം ഇടപെട്ടതോടെ ഇക്കാര്യത്തിൽ അന്വേഷണത്തിന് തീരുമാനിച്ചു. സമിതിയുടെ റിപ്പോർട്ട് ലഭിച്ചതോടെ നിർമാണത്തിന് മേയർ മുൻകൂർ അനുമതി നൽകി. ഇത് അജൻഡയായി കൊണ്ടുവരാനായിരുന്നു നീക്കം.