തൃശൂർ: സെപ്തംബറിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,683 പേരിലെത്തിയതോടെ വ്യാപനം അതിരൂക്ഷ തലത്തിലേക്ക്. കൊവിഡ് സ്ഥിരീകരിച്ചവരിൽ നാലായിരത്തിലേറെ പേർക്കും ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലാണ് രോഗം പകർന്നത്. സെപ്തംബറിലാണ് കൂടുതൽ രോഗികൾ ഉണ്ടാവുകയെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ശരിവെയ്ക്കുന്ന രീതിയിലാണ് കണക്കുകൾ.
ഈ മാസം 18 ദിവസം കൊണ്ട് മൂവായിരത്തിലധികം പുതിയ രോഗികളാണ് ജില്ലയിലുണ്ടായത്. ഇനി 12 ദിവസം ബാക്കിയുള്ളപ്പോൾ രോഗികളുടെ എണ്ണം അയ്യായിരം കടക്കാനാണ് സാദ്ധ്യതയെന്ന് ജില്ലാ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു.
ആഗസ്റ്റ് മാസത്തിൽ മാത്രം മൂവായിരത്തിൽ താഴെയായിരുന്ന രോഗികളുടെ എണ്ണം സെപ്തംബർ മാസത്തിൽ അയ്യായിരത്തിലേക്ക് കുതിക്കുകയാണ്. മൊത്തം രോഗികളുടെ എണ്ണം സെപ്തംബർ പിന്നിടുമ്പോൾ ഓരോ പത്ത് ദിവസം കൂടുമ്പോൾ 1500 ലേറെ രോഗികളാണ് ഉണ്ടാകുന്നത്.
കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നത് വരെ പ്രഹസനമായി മാറുകയാണ്. കണ്ടെയ്‌ൻമെന്റ് സോൺ പ്രഖ്യാപിച്ച് കഴിഞ്ഞാൽ പൊലീസ് അനുമതിയോടെ മാത്രം അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പാടുള്ളൂവെന്ന നിർദ്ദേശവും ലംഘിക്കുകയാണ്. കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുന്നവരിൽ ഭൂരിഭാഗം പേരും ബാരിക്കേഡുകൾ മറികടന്ന് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകുന്നു.
അതേസമയം രോഗം വരുന്നവർക്ക് വേഗം ശമനം ഉണ്ടാകുന്നത് ആശ്വാസകരമാണ്. ഇതുവരെ അയ്യായിരത്തിലേറെ പേർ രോഗമുക്തരായി. ജില്ലയിലെ 90 ശതമാനം മേഖലയിലും വൈറസ് വ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം പൂർണമായി പാലിച്ച് കൊവിഡിനൊപ്പം ജീവിക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം മുറുകെ പിടിക്കുക മാത്രമേ രക്ഷാകവചമാവുകയുള്ളൂ. ഏതാണ്ട് 90 ശതമാനം പേർക്കും രോഗം ബാധിച്ച് ഭേദമാകാതെ വൈറസ് പ്രതിരോധം നിലവിലെ സാഹചര്യത്തിൽ സാദ്ധ്യമല്ലെന്ന നിലപാടാണ് ആരോഗ്യ വിഭാഗത്തിനുള്ളത്. അതിനിടെ കണ്ടെയ്ൻമെന്റ് സോണുകളും ട്രിപ്പിൾ ലോക്ഡൗൺ മേഖലകളും വല്ലാതെ കൂടുന്നത് ആശങ്ക പരുത്തുന്നു. ലക്ഷണങ്ങളില്ലാത്ത രോഗികൾ കൂടുന്നത് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മരണ നിരക്ക് കൂടുന്നു
സെപ്തംബറിൽ ജില്ലയിൽ മരണ നിരക്കും ഏറി. ആരോഗ്യ വകുപ്പിന്റെ ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 16 പേരും സെപ്തംബർ മാസത്തിലാണ്. നാല് പേർ ഓഗസ്റ്റ് മാസത്തിലും മരിച്ചു. എന്നാൽ മരിച്ച ശേഷമുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച പലരുടെയും കണക്ക് ഇതിൽ ഉൾപ്പെട്ടില്ല. മരണ നിരക്ക് ഇനിയും കൂടാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്
ആഗസ്റ്റ് മാസത്തിൽ രോഗികൾ 2859
മരണം ആകെ 29
സെപ്തംബർ മാത്രം 16
സെപ്തംബറിലെ കൊവിഡ് രോഗികൾ
സെപ്തംബർ 1 133
സെപ്തംബർ 2 121
സെപ്തംബർ3 93
സെപ്തംബർ4 204
സെപ്തംബർ5 169
സെപ്തംബർ6 169
സെപ്തംബർ7 128
സെപ്തംബർ8 129
സെപ്തംബർ9 323
സെപ്തംബർ10 300
സെപ്തംബർ11 184
സെപ്തംബർ12 172
സെപ്തംബർ13 182
സെപ്തംബർ14 161
സെപ്തംബർ15 188
സെപ്തംബർ16 263
സെപ്തംബർ17 296