പുതുക്കാട്: ജില്ലയിലെ സംയോജിത പ്രാദേശിക ഭരണപരിപാലനസംവിധാനം (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവൺമെന്റ് മാനേജ്‌മെന്റ് സിസ്റ്റം) നടപ്പാക്കി തുടങ്ങിയ ഓരോ പഞ്ചായത്ത് ഓഫീസിലും ജീവനക്കാരും മാസ്റ്റർ ട്രെയിനർമാരും പരിശീലനത്തിൽ പങ്കെടുത്തു. ജില്ലയിലെ 11 പഞ്ചായത്തുകളിലാണ് ഐ.എൽ.ജി.എം.എസ് ഒന്നാംഘട്ടത്തിൽ ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 150 ഗ്രാമപഞ്ചായത്തുകളിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് ഓഫീസിൽ പോകാതെത്തന്നെ പഞ്ചായത്തിന്റെ എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ ഗുണം.
വിവിധ ആവശ്യങ്ങൾക്കായി വിവിധ കാലഘട്ടങ്ങളിൽ ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപ്പന ചെയ്ത പതിനാറോളം സോഫ്റ്റ് വെയറുകളിലായിട്ടാണ് പഞ്ചായത്തുകളിലെ പ്രവർത്തനം ഇപ്പോൾ നടന്നുവരുന്നത്. ഒരു ഓഫീസിൽ പല ആവശ്യങ്ങൾക്ക് പല സോഫ്റ്റ് വെയറുകൾ ഉപയോഗിക്കേണ്ട സങ്കീർണ്ണമായ അവസ്ഥ. എന്നാൽ ജീവനക്കാരുടെ കാലങ്ങളായിട്ടുള്ള സ്വപ്നമായിരുന്നു ഒറ്റ ലോഗിനിൽ എല്ലാ സേവനങ്ങളും നൽകാവുന്ന ഒരു ഏകജാലക സംവിധാനം. ഇൻഫർമേഷൽ കേരളമിഷൻ തന്നെ വികസിപ്പിച്ച അത്തരത്തിലുള്ള സംവിധാനമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. എല്ലാ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാകുമെന്നതും മറ്റൊരു നേട്ടമാണ്. എല്ലാവിധ അപേക്ഷകളും ഓഫീസിൽ ഹാജരാകാതെ തന്നെ സ്വന്തമായോ, അക്ഷയ കേന്ദ്രം വഴിയോ ഇഫയലിംഗ് നടത്തി സമയബന്ധിതമായി ഓൺലൈൻ വഴി സേവനങ്ങൾ നേടാം. ഫ്രണ്ട് ഓഫീസ് വഴിയും അപേക്ഷ സ്വീകരിക്കുന്നതായിരിക്കും. എല്ലാ ഫയലുകളും വെബ് അധിഷ്ഠിതമാകുന്നതോടെ ഓഫീസ് പ്രവർത്തനം കൂടുതൽ ഗുണപരവും കാര്യക്ഷമവും ജനസൗഹാർദ്ദവുമായി മാറുകയും ചെയ്യും.

ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാർക്ക് പ്രായോഗിക സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഓൺലൈൻ ശിൽപശാല നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ ശിൽപ്പശാലയ്ക്ക് കണ്ണൂർ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ കെ.വിനോദ് കുമാർ, ഗ്ലോബൽ മാസ്റ്റർ ടീം അംഗം മനോജ് മുകുന്ദൻ, ജില്ലാ ടെക്‌നിക്കൽ ഓഫീസർ അബ്ദുസലാം എന്നിവർ നേതൃത്വം നൽകി.

............................

ഗുണങ്ങളും രീതികളും

എല്ലാതരത്തിലുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം
നികുതിയും, ഫീസും ഓൺലൈൻ വഴി അടയ്ക്കാം
ജനനം, മരണം, വിവാഹം തുടങ്ങി എല്ലാ വിധ സർട്ടിഫിക്കറ്റുകളും ഓൺലൈനായി അപേക്ഷകന് ലഭ്യമാകും
ഫ്രണ്ട് ഓഫീസ് വഴി അപേക്ഷ സമർപ്പിക്കുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖ കൊണ്ടുവരണം
ഫ്രണ്ട് ഓഫീസിൽ വരാതെ ഹെൽപ്പ് ഡെസ്‌ക്ക് വഴിയോ, അക്ഷയ വഴിയോ, മൊബൈൽ ഫോൺ ഉപയോഗിച്ചോ അപേക്ഷകൾ സമർപ്പിക്കാം, നികുതി അടയ്ക്കാം, സർട്ടിഫിക്കറ്റ് സ്വന്തമാക്കാം
കൊവിഡ് കാലത്ത് പഞ്ചായത്ത് ഓഫീസുകളിൽ ക്യൂ നിൽക്കാതെ സേവനങ്ങൾ ലഭ്യമാക്കാമെന്നത് ഗുണകരമാകും

................................

സംവിധാനം നിലവിൽ വന്ന ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ

എളവള്ളി, വള്ളത്തോൾ നഗർ, തെക്കുംകര, മുള്ളൂർക്കര, അരിമ്പൂർ, ഏങ്ങണ്ടിയൂർ, മതിലകം, വെള്ളാങ്കല്ലൂർ, പൊയ്യ, ആളൂർ, അളഗപ്പനഗർ.