ചാലക്കുടി: കൊവിഡിനെ പ്രതിരോധിക്കാനും ഒപ്പം കലാകാരന്മാരുടെ മനസുകൾക്ക് ഊർജ്ജം പകരുന്നതിനും ചാലക്കുടി നഗരസഭയിലെ ഒരു കൗൺസിലർ കണ്ടെത്തിയ ഉപായമായിരുന്നു വെർച്വൽ ഓണാഘോഷം. മുനിസിപ്പൻ ഓഫീസ് വാർഡ് കൗൺസിലർ അഡ്വ.ബിജു എസ്.ചിറയത്താണ് തന്റെ വാർഡിലെ ഓണാഘോഷം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ചത്. കൊവിഡിനെ ഭയന്ന് ആഘോഷങ്ങളെല്ലാം നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ നീറിപ്പുകഞ്ഞ കലാഹൃദയങ്ങൾ നിരവധിയായിരുന്നു. ഇതിനൊരു പരിഹാരമായിരുന്നു ഓണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴുള്ള ഓൺലൈൻ ഓണാഘോഷം.
വീട്ടിലിരുന്നുതന്നെ കലാകാരൻമാർ മൈബൈൽ ഫോണിലും കമ്പ്യൂട്ടറുകളിലുമായി കലാവാസനകളെ മറ്റൊരിടത്ത് തയ്യാറാക്കിയ സ്റ്റുഡിയോയിലേയ്ക്കയച്ചു. ഇവയോരോന്നും അരങ്ങിലെന്ന പോലെ യഥാ സമയം വാർഡിലുള്ളവരടക്കം നൂറുകണക്കിന് ആളുകൾക്ക് ആസ്വദിക്കാനുമായി. പൂക്കളം 2020 എന്ന പേരിലെ ഓണാഘോഷം സാഹിത്യകാരൻ ഡോ.വത്സലൻ വാതുശ്ശേരി ഉദ്ഘാടനം നിർവഹിച്ചതും അദ്ദേഹത്തിന്റെ വീട്ടിലിരുന്ന്. വാർഡ് കൗൺസിലർ ബിജു ചിറയത്ത് അദ്ധ്യക്ഷനായി. തുമ്പൂർ സുബ്രഹ്മണ്യന്റെ മകൾ കല്യാണിയുടെ പ്രർത്ഥനാ ഗാനത്തോടയായിരുന്നു തുടക്കം. പാട്ടുകൾ, നൃത്തങ്ങൾ, വാദ്യോപകരണങ്ങൾ, കളരിപ്പയറ്റ് അങ്ങനെ നീണ്ടു സക്രീനിലെ കലാപ്രകടനങ്ങൾ. കലാകാരന്മാരായ ആർ.എൽ.വി. ആനന്ദ്, ജയ് ആനന്ദ്, മുരുകൻ ഗുരുക്കൾ, സുബ്രഹ്മണ്യം തുമ്പൂർ, കലാഭവൻ ജോയ്, കലാഭവൻ ടെൽമ, ജിത്തു കഴ്‌സൺ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഫാ.ജോൺസൺ റോച്ച്, സിനിമാ താരം സൗമ്യ മേനോൻ, ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ, തങ്കമണി ഗോപാലൻ, ജയിംസ് പോൾ, അഡ്വ ജോസഫ് അറങ്ങശ്ശേരി, ഷിമ്മി ജോർജ് കല്ലിങ്ങൾ, റോസി ലാസർ എന്നിവർ സംസാരിച്ചു.
ഇത്തരമൊരു ഓണാഘോഷം ഒരു പക്ഷെ കേരളത്തിൽ ഇതാദ്യമായിരിക്കുമെന്ന് ബിജു ചിറയത്ത് പറഞ്ഞു. ഇന്റൻസ് സോൺ എന്ന ഡിജിറ്റൽ വിഭാഗമായിരുന്നു ഇതിന്റെ അണിയറയിൽ. മൃദുൽ രവി, ശ്രീഹരി ജയൻ, വിഷ്ണു ബാലകൃഷ്ണൻ, ആനന്ദ് വെട്ടിയാട്ടിൽ എന്നിവർ അണിയറ ശിൽപ്പികളായി.