മാള: അന്നമനടയിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫീസിന് വാടക ഒഴിവാക്കണമെന്നോ,​ സ്ഥലം മാറ്റുമെന്നോ ഉള്ള ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അറിയിച്ചു. കെ.എസ്.ഇ.ബിക്ക് സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാൻ അവകാശമുണ്ടെന്നും വാടക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാൽ കമ്മിറ്റി ചർച്ച ചെയ്ത് സർക്കാർ തീരുമാനത്തിനായി സമീപിക്കുമെന്നും പ്രസിഡന്റ് ടെസി ടൈറ്റസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇക്കാര്യത്തിൽ എൽ.ഡി.എഫ് ഉന്നയിക്കുന്ന ആരോപണം രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്നും ടെസി ടൈറ്റസ് ആരോപിച്ചു. കെ.എസ്.ഇ.ബിക്ക് സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ വാടക തന്നിരുന്നുവെന്നും,​ ഒഴിവാക്കണമെന്ന നിർദ്ദേശം പഞ്ചായത്ത് കമ്മിറ്റി അജണ്ടയിൽ കൊണ്ടുവരാൻ പോലും ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൂടിയായ സി.പി.ഐ പ്രതിനിധി ശ്രമിച്ചിട്ടില്ല. വാടക ഒഴിവാക്കണമെന്നോ ഇക്കാരണത്താൽ ഓഫീസ് മാറ്റുന്നുവെന്നോ കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചിട്ടില്ല. 5,​691 രൂപ മാസ വാടക പഞ്ചായത്തിലേക്ക് നിശ്ചയിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നിലവിൽ 47,​034 രൂപയുടെ കുടിശികയാണ് വാടകയിനത്തിൽ ലഭിക്കാനുള്ളത്. വാർത്താ സമ്മേളനത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ഒ പൗലോസും പങ്കെടുത്തു.