strike

തൃശൂർ: സാമൂഹിക അകലം പാലിച്ചാൽ കൊവിഡിനെ തോൽപ്പിക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. എന്നാൽ മറുവശത്താകട്ടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സമരങ്ങളും സർക്കാർ തലത്തിലുള്ള ഉദ്ഘാടന ഘോഷയാത്രകളും പൊടിപൊടിക്കുകയാണ്. കൊവിഡ് നിയന്തിക്കാൻ ആരോഗ്യ വകുപ്പ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് മാസ്ക് പോലും ധരിക്കാതെ ആളുകൾ പരിപാടികളിൽ പങ്കെടുക്കുന്നത്. സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിൽ പോലും കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു ആരോഗ്യ വകുപ്പ് തന്നെ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഒട്ടനവധി സമരങ്ങളാണ് ജില്ലയിൽ നടന്നത്. കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന സമരങ്ങളിൽ പത്തു കോൺഗ്രസ്‌ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക ഏറെ വലുതാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നു. ഈ മാസം മാത്രം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 5000 കടക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതോടൊപ്പം തന്നെ മരണ നിരക്കും വർദ്ധിച്ചിട്ടുണ്ട്. ജില്ലയിൽ ഇതു വരെ റിപ്പോർട്ട്‌ ചെയ്ത 29 കൊവിഡ് മരണങ്ങളിൽ 16 ഉം ഈ മാസം നടന്നതാണ്.

ഉദ്ഘാടന ഘോഷ യാത്ര

തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടന പരമ്പര അരങ്ങേറുന്നത്. ജില്ലയിലെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നൂറിലേറെ ഉദ്ഘാടനങ്ങൾ ആണ് നടന്നത്. മന്ത്രിമാരടക്കം പല ചടങ്ങുകളിലും നിരവധി പേരാണ് പങ്കെടുക്കുന്നത്. ഉദ്ഘാടനങ്ങളിൽ ഭൂരിഭാഗവും നിർമാണോദ്ഘടനം ആണ്. തൃശൂർ കോർപ്പറേഷനിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ അമ്പതിനടുത്ത് ചടങ്ങുകൾ ആണ് നടന്നത്. കഴിഞ്ഞ ദിവസം അയ്യന്തോളിൽ വ്യാപാര സമുച്ചയത്തിനു കല്ലിട്ടപ്പോൾ ഇന്ന് ചേമ്പുക്കാവിലാണ് കല്ലിടൽ. പണി പൂർത്തിയാക്കുക പോലും ചെയ്യാതെ കഴിഞ്ഞ ആഴ്ച്ച ദിവാൻജി മൂല മേൽപ്പാലത്തിന്റെ ഉദ്ഘാടനം നടത്തി അധികൃതർ സ്ഥലം വിട്ടിരുന്നു. മുഖ്യമന്ത്രി ആണ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചത്.

കേസെടുത്ത് തോറ്റ് പൊലീസ്

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പരിപാടികൾക്കെതിരെ കേസെടുത്തു തോറ്റ് പൊലീസ്. അനുമതി ഇല്ലാതെ നടത്തുന്ന സമരങ്ങൾക്ക് പുറമെ മാസ്ക് ധരിക്കാതിരിക്കുന്നതിനും സാമൂഹിക അകലം പാലിക്കാത്തതിനും കേസ് എടുക്കുന്നുണ്ട്.