തൃശൂർ: വിടപറഞ്ഞത് ആനകളുടെ നാട്ടുചികിത്സാ രംഗത്തെ രംഗത്തെ കൈപ്പുണ്യം. ഒപ്പം ആയൂർവേദ രംഗത്തും വിഷവൈദ്യ ചികിത്സിയിലും നാടറിഞ്ഞ വിദഗ്ദ്ധൻ. ആന ചികിത്സാ രംഗത്ത് കുമ്പളങ്ങാട് ആവണപറമ്പ് മനയ്ക്കുള്ള പേരും പെരുമയും എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. അച്ഛനും മുത്തച്ഛനും ആന ചികിത്സകരായിരുന്നു. ചെറുപ്പം തൊട്ട് ആന ചികിത്സ കണ്ടു വളർന്ന് ആ വഴി തന്നെ മഹേശ്വരൻ നമ്പൂതിരിപ്പാടും പിൻതുടർന്നു. അഞ്ഞൂറിലേറെ ആനകളെ ചികിത്സിച്ച് സുഖപ്പെടുത്തി. മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ കൈപുണ്യത്തിൽ ഇന്നും ഉത്സവപറമ്പുകളിൽ തലപൊക്കത്തോടെ നിൽക്കുന്ന കൊമ്പൻമാർ ഏറെയാണ്. ഇനി രക്ഷയില്ലായെന്ന് പറഞ്ഞ് എഴുതി തള്ളിയ കേസുകളും ആവണാപറമ്പിന്റെ കരസ്പർശത്തിൽ ഉയർത്തെഴുന്നേറ്റിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ ആന ചികിത്സാ സമിതി അംഗമായിരുന്നു.
കൊച്ചിൻ ദേവസ്വം വെറ്ററിനറി ഡോക്ടർമാർ പോലും ആന ചികിത്സയിൽ ഇദ്ദേഹത്തിൽ നിന്നു വിദഗ്ധാഭിപ്രായം തേടുമായിരുന്നു. ആനകളുടെ അസുഖം നാട്ടു ചികിത്സയിലൂടെ മാറ്റുന്നതിൽ കേരളത്തിൽ ഇത്രയധികം വൈദഗ്ധ്യം ഉള്ള മറ്റൊരാൾ ഇല്ലെന്ന് തന്നെ പറയാം. ചികിത്സാ രംഗത്തെ മികവിന് ഒട്ടനവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. വിഷം തീണ്ടിയാൽ ഇപ്പോഴും ആദ്യം എത്തുക കുമ്പളങ്ങാട്ടെ മനയിലേക്കായിരുന്നു. ആയൂർവേദ രംഗത്തും ആവണപറമ്പിന്റെ പാരമ്പര്യം ഏറെ പ്രശസ്തമാണ്. എതാനും മാസങ്ങൾക്ക് മുമ്പാണ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ നവതിയാഘോഷം നടന്നത്. നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. ഗുരുവായൂർ,കൊച്ചിൻ ദേവസ്വം ബോർഡുകൾ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.