divanjimoola

തൃശൂർ : ഉദ്ഘാടന മാമാങ്കം നടത്തി നേതാക്കന്മാർ അരങ്ങൊഴിഞ്ഞതോടെ കുണ്ടും കുഴിയും കുരുക്കുമായി ദിവാൻജി മൂല പഴയപടി തന്നെ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പ്രവർത്തനം തുടങ്ങി അടുത്ത തിരഞ്ഞെടുപ്പിന്റെ പടിവാതിലിലെത്തിയിട്ടും ദിവാജി മൂലയിൽ യാത്രക്കാർക്ക് ദുരിതമാണ്. മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം കഴിപ്പിച്ച ദിവാൻജിമൂല മേൽപ്പാലത്തിൽ അവസാനഘട്ട പണികൾ ഇനിയും പൂർത്തിയായിട്ടില്ല.

മേൽപ്പാലത്തിന്റെ പ്രധാന ഘട്ടമായ അപ്രോച്ച് റോഡിന്റെ ടാറിംഗ് പോലും നടത്തിയിട്ടില്ല. ഉദ്ഘാടനത്തിന് ശേഷം മഴ പെയ്തതാണ് നിർമ്മാണ പ്രവർത്തനം തടസപ്പെടാൻ കാരണമെന്നാണ് കോർപറേഷന്റെ വിശദീകരണം. എന്നാൽ മഴയ്ക്ക് ശമനം വന്നിട്ടും ടാറിംഗ് ആരംഭിക്കാൻ തയ്യാറായിട്ടില്ല.

ഉദ്ഘാടനത്തിന് എതാനും ദിവസം മുമ്പ് ട്രയൽ റൺ എന്ന നിലയിൽ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. ഉദ്ഘാടനം നടത്തിയ ശേഷം റോഡിന്റെ ഇരുവശവും കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. ഇതുവരെയായിട്ടും ടാറിംഗ് ആരംഭിക്കാൻ കോർപറേഷന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മഴയും റോഡിൽ ആകെ മെറ്റൽ ഇട്ടത് മൂലവും യാത്ര ദുരിതത്തിലാണ്. വഞ്ചിക്കുളം റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് കാന നിർമ്മാണത്തിന് ശേഷമുള്ള പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. ഉദ്ഘാടന ശേഷം കൈവരികൾ നിർമ്മിക്കുന്നതിന്റെ പ്രവർത്തനം മാത്രമാണ് നടക്കുന്നത്. ടാറിംഗിന് ആവശ്യമായ സാധനം പോലും ഇതുവരെയും ഇറക്കിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന ഉദ്ഘാടന മാമാങ്കത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം നടത്തിയത്.

ഫ്‌ളക്‌സിൽ റോഡ് മനോഹരം

പാലത്തിന് സമീപം ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോർഡിലെ റോഡ് കണ്ട് നിർവൃതിയടയുകയാണ് യാത്രക്കാരും നഗരവാസികളും. ടാറിംഗ് നടത്തി പുതിയ പാലത്തിലൂടെയും പഴയ പാലത്തിലൂടെയും വാഹനം പോകുന്ന ചിത്രങ്ങൾ സഹിതമാണ് ഫ്‌ളക്‌സ്. മുഖ്യമന്ത്രിയുടെ ചിത്രം സഹിതം വാഗ്ദാനങ്ങൾ പൂർണ്ണതയിലേക്ക് എന്ന തലക്കെട്ടും ഫ്‌ളക്‌സിലുണ്ട്.


വാഹനം കുറഞ്ഞിട്ടും കുരുക്ക്

കൊവിഡിന് മുമ്പ് ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോയിരുന്നത്. കൊവിഡിനെ തുടർന്ന് സ്വകാര്യ ബസുകൾ ഉൾപ്പെടെ സർവീസ് നിറുത്തിയതോടെ ഇതിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും കുരുക്ക് തന്നെയാണ്. റോഡിൽ കുണ്ടും കുഴിയും നിറഞ്ഞതാണ് പ്രശ്നമാകുന്നത്.

പഴയ മേൽപ്പാലം റോഡും ശോച്യാവസ്ഥയിൽ

പുതിയ പാലവും റോഡും ഇല്ലെങ്കിലും പഴയ പാലമെങ്കിലും ഗതാഗത യോഗ്യമാക്കിയിരുന്നെങ്കിൽ വാഹന ഗതാഗതം സുഗമമാക്കാമെന്ന് യാത്രക്കാർ പറയുന്നു. പഴയ പാലത്തിന്റെ മുകൾ ഭാഗവും റോഡിന്റെ ഭാഗങ്ങളും കുണ്ടും കുഴിയും നിറഞ്ഞതാണ്.


നിർമ്മാണം ബാക്കിയുള്ളത്

1. അപ്രോച്ച് റോഡ് ടാറിംഗ്

2. കൈവരികൾ സ്ഥാപിക്കൽ

3. വൈദ്യുതി വിളക്കുകൾ സ്ഥാപിക്കൽ

4. പെയിന്റിംഗ്

5. ദിശാബോർഡുകൾ സ്ഥാപിക്കൽ..