toll-plaza

തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനങ്ങളുടെ പിഴവ് പരിശോധിക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം 19 ന് മൂന്നോടെ ടോൾ പ്ലാസ സന്ദർശിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘത്തെയാണ് ഇതിന് നിയോഗിച്ചത്. ഇവർ ടോൾ പ്ലാസ സന്ദർശിച്ച് റീഡിംഗ് മെഷീൻ പരിശോധിച്ച് പിഴവ് കണ്ടെത്തിയാൽ ടോൾ പ്ലാസ തുറന്നുകൊടുക്കുന്നതിന് നടപടിയെടുക്കും.
പാലിയേക്കരയിൽ യാത്രക്കാർ നേരിടുന്ന പ്രതിസന്ധികൾ എത്രയും വേഗം പരിഹരിക്കണമെന്നും ദേശീയ പാത അതോറിറ്റി വ്യവസ്ഥകൾ പാലിക്കണമെന്നും മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. വ്യവസ്ഥകളുടെ ലംഘനം, സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ പരിഹരിക്കുമെന്ന് കമ്പനി ഉറപ്പുനൽകി. ടി.എൻ പ്രതാപൻ എം.പി, ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഓഫീസർമാർ, ടോൾ പ്ലാസ കമ്പനി അധികൃതർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തീരുമാനങ്ങൾ

മണ്ണുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ പത്ത് ദിവസത്തിനകം പൂർത്തിയാക്കും

മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള റോഡിലെ കുഴികൾ അടയ്ക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിയുടെ ഒരു കോടി രൂപ

കളക്ടറുടെ നിർദ്ദേശ പ്രകാരം തുക ഒന്നരക്കോടി ആക്കുന്ന കാര്യം പരിഗണനയിൽ

കുതിരാൻ തുരങ്കം പൂർത്തിയാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ഡൽഹിയിൽ ചേരുമെന്ന് ടി.എൻ പ്രതാപൻ എം.പി