moideen

വടക്കാഞ്ചേരി: സംസ്ഥാനത്ത് ഭൂരഹിതരായ മുഴുവൻ പേർക്കും പാർപ്പിടം ഒരുക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എ.സി. മൊയ്തീൻ. മുള്ളൂർക്കര പഞ്ചായത്തിൽ നവീകരിച്ച ഓഫീസ് കെട്ടിടവും നിർമ്മാണം പൂർത്തിയാക്കിയ അനുബന്ധ സ്ഥാപനങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് സന്നദ്ധ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ്. അവരുടെ ജാതകം സർക്കാർ നോക്കാറില്ല. ഒന്നേകാൽ ലക്ഷം ആളുകൾ ഭൂരഹിതരായിട്ടുണ്ട്. ഇവർക്കെല്ലാം തല ചായ്ക്കാൻ ഒരിടം കണ്ടെത്തുകയെന്നത് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പ്രളയം വന്നപ്പോഴും കൊവിഡ് തീക്ഷ്ണമായപ്പോഴും 24 മണിക്കൂറും പണിയെടുക്കേണ്ടി വന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പുതിയ സോഫ്റ്റ് വെയർ സംവിധാനം നടപ്പിലാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മുള്ളൂർക്കര പഞ്ചായത്തിന്റേത് തിളക്കമാർന്ന പ്രവർത്തനമാണെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.

മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്. അബ്ദുൾ സലാം അദ്ധ്യക്ഷനായി. പകൽ വീടിന്റെയും, കുടുംബശ്രീ കാന്റീനിന്റെയും ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. വയോജന പാർക്കും, നവീകരിച്ച പഞ്ചായത്ത് കുളവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.