ചാലക്കുടി: താലൂക്ക് ആശുപത്രിയുടെ പരിധിയിൽ ചികിത്സാ സഹായം ലഭിക്കാതെ കൊവിഡ് രോഗികൾ ദുരിതത്തിൽ. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിൽ പുറത്തു നിന്നുള്ള രോഗികളെ പരിചരിക്കുന്നതാണ് ചാലക്കുടി പരിസരവാസികൾക്ക് വിനയായത്. ചേനത്തു നാട്ടിലെ സെന്റ് ജയിംസ് അക്കാഡമിയിൽ നിലവിലുള്ള 240 കിടക്കകളിലും രോഗികളുണ്ട്. ഇതിൽ ഭൂരിഭാഗം പേരും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ്.
100 കിടക്കകളുള്ള കൊരട്ടി ഗാന്ധിഗ്രാം ആശുപത്രിയുടെ സ്ഥിതിയും മറിച്ചല്ല. താലൂക്ക് ആശുപത്രിയിലെ ഇരുപത് ബെഡിലും വൈറസ് ബാധിതരുണ്ട്. ചാലക്കുടി മണ്ഡലം പരിധിയിൽ കൊവിഡ് പോസിറ്റീവാകുന്നവരെ കൊണ്ടു പോകുന്നതാകട്ടെ ദൂരെ സ്ഥലങ്ങളിലെ ആശുപത്രികളിലേക്കാണ്. രോഗം മാറി തിരിച്ചെന്നുവർക്കാണ് കൂടുതൽ ദുരിതം. അവർ സ്വന്തം ചെലവിൽ വാഹനം സംഘടിപ്പിക്കണം. ഇത്തരം രോഗികളെ തിരിച്ചെത്തിക്കുന്ന ടാക്‌സി കാറുകൾ അമിത വാടക ഈടാക്കുന്നുമുണ്ട്.
ആവശ്യത്തിന് സ്വന്തക്കാരുടെ സഹായം ലഭിക്കാതെ വരികയും മടക്കയാത്രയ്ക്ക് അമിതമായി പണം നൽകുകയും ചെയ്യുന്നത് സാധാരണക്കാർക്ക് ഏറെ ദുരിതമാകുന്നു. ഇതിനിടെ പ്രാഥിക കേന്ദ്രമായി തെരഞ്ഞെടുത്ത സെന്റ് ജയിംസ് അക്കാഡമിയിൽ ഇതുവരെ ചെലവഴിച്ച പണം സർക്കാരിൽ നിന്നും ലഭിക്കാത്തത് നഗരസഭയ്ക്കും പൊല്ലാപ്പായി. കട്ടിലുകൾ, കിടക്ക എന്നിവയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത് നഗരസഭയുടെ ചെലവിലായിരുന്നു.
രോഗികൾക്കുള്ള ഭക്ഷണച്ചെലവ് വഹിക്കുന്നതും നഗരസഭ തന്നെ. ഇതുവരെയും ഇതിന്റെ പണം ലഭിക്കുന്നതിന് നടപടികളായിട്ടില്ല. ഈ സാഹചര്യത്തിൽ മറ്റൊരു കൊവിഡ് കേന്ദ്രമായി നിർദ്ദേശിക്കപ്പെട്ട പോട്ടയിലെ വ്യാസ സ്‌കൂളിൽ സൗകര്യം ഒരുക്കുന്നതിന് നഗരസഭ മടിക്കുകയാണ്. മറ്റു നഗരസഭകളുടെ നിലപാട് അറിഞ്ഞതിന് ഷേഷം മതി തുടർ നടപടിളെന്നാണ് അധികൃതരുടെ തീരുമാനം.