smasanam

മാള: പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനം ആരംഭിച്ചതോടെ മാളയുടെ പൈതൃക സംരക്ഷണ വാദവും സ്റ്റേഡിയം നിർമ്മാണവും വിവാദമായി തെരുവിൽ വിഴുപ്പലയ്ക്കലിലേക്ക്. പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ. സി. കർമ്മചന്ദ്രനെ മാള പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ഡി.സി.സി സെക്രട്ടറി എ.എ അഷറഫ് വധ ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് ഉയർന്നത്. ഇതുസംബന്ധിച്ച പരാതി മാള പൊലീസിൽ നൽകുകി.

മാളയിൽ യഹൂദ ശ്മശാന സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്നതിനും സിനഗോഗ് പുനരുദ്ധരിക്കുന്നതിനും മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഒന്നേമുക്കാൽ കോടി അനുവദിച്ച് നിർമ്മാണം നടക്കുന്നതിനിടയിലാണ് വീണ്ടും വിവാദം അരങ്ങുവാഴുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും മാളയുടെ വികസനത്തിന് തടസം നിൽക്കുന്നവരെ എതിർക്കുക തന്നെ ചെയ്യുമെന്നും എ.എ അഷറഫ് പ്രതികരിച്ചു. കെ. കരുണാകരന്റെ പേരിലുള്ള നിലവിലുള്ള സ്റ്റേഡിയം നിർമ്മാണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അതുതന്നെയാണ് മാളയിലെ സർവ്വകക്ഷി യോഗ തീരുമാനമെന്നും ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയവർ നയം വ്യക്തമാക്കണമെന്നും അഷറഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ എ.കെ ചന്ദ്രൻ എം.എൽ.എയാണ് മൈതാനത്ത് സ്റ്റേഡിയം നിർമ്മാണത്തിന് ആദ്യമായി പദ്ധതി അവതരിപ്പിച്ച് കരുണാകരന്റെ പേര് നൽകണമെന്ന് നിർദേശിച്ചത്.

" താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിൽ മാളക്കടവ് സ്ഥലം അളക്കുന്നതിനിടയിലാണ് എ.എ അഷറഫും സംഘവും തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത്. മാളക്കടവും യഹൂദ സ്മാരക സംരക്ഷണത്തിനുമായി പരാതി ഉന്നയിച്ചയാളാണ് പ്രൊഫ. സി. കർമ്മചന്ദ്രൻ. കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിൽ സംസാരിക്കുമ്പോൾ എ.എ അഷറഫ് പൈതൃക സംരക്ഷണ സമിതി ഭാരവാഹികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത് കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തി.

പി.കെ കിട്ടൻ സെക്രട്ടറി

പൈതൃക സംരക്ഷണ സമിതി

" സർവ്വകക്ഷി യോഗ തീരുമാന പ്രകാരം കെ. കരുണാകരൻ സ്മാരക സ്റ്റേഡിയം നിമ്മാണം പൂർത്തിയാക്കണം. പൈതൃക സംരക്ഷണ സമിതിയുടെ പേരിൽ യഹൂദ സ്മാരകം യഥേഷ്ടം ഉപയോഗിക്കാൻ ഇവർക്ക് ആരാണ് അധികാരം നൽകിയത്. പി.കെ കിട്ടൻ നേതൃത്വം നൽകുന്ന കുഴിക്കാട്ടുശേരിയിലെ സ്ഥാപനം നെൽവയൽ നികത്തിയാണ് നിർമ്മിച്ചത്. മാളക്കാരെയും അവരുടെ ആവശ്യങ്ങളും അറിയാത്ത കപട പൈതൃക വാദികൾക്കെതിരെ ഇനിയും ശബ്ദിക്കും.

എ.എ അഷറഫ്

ഡി.സി.സി സെക്രട്ടറി