തൃപ്രയാർ: മന്ത്രി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എട്ട് പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി വൈശാഖ് വേണുഗോപാൽ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിൽ എ.എസ്, ജില്ലാ കമ്മിറ്റിയംഗം വാണി പ്രയാഗ്, സുമേഷ് പാനാട്ടിൽ, മുഹമ്മദ് ഹാഷിം, അശ്വിൻ ആലപ്പുഴ, പ്രവീൺ രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വലപ്പാട് ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ വലപ്പാട് സ്റ്റേഷൻ പി.ആർ.ഒ എ.എസ്.ഐ അസീസിനും നിസാര പരിക്കേറ്റിട്ടുണ്ട്.

തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷനു സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, ഡി.സി.സി ഭാരവാഹികളായ ടി.യു. ഉദയൻ, അനിൽ പുളിക്കൽ, വി.ആർ. വിജയൻ, കെ.വി. ദാസൻ, സി.ഒ ജേക്കബ്ബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ദിലീപ്കുമാർ, ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത്, സുമേഷ് പാനാട്ടിൽ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു എന്നിവർ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിനു ശേഷമാണ് പ്രവർത്തകർ പ്രകോപിതരായത്. എതാനും പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി. അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു. യൂത്ത് കോൺഗ്രസുകാരെ നിയന്ത്രിക്കാൻ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്നാണ് ലാത്തിച്ചാർജ്ജ് നടത്തിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ്, സി.ഐമാരായ പ്രശാന്ത് ക്ലിന്റ്, കെ. സുമേഷ്, പി.ആർ. ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് യൂത്ത് കോൺഗ്രസുകാരെ തടഞ്ഞത്. പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. 100 ലധികം പേർക്കെതിരെ വലപ്പാട് പൊലീസ് കേസെടുത്തു.