കാഞ്ഞാണി: മണലൂരിലെ തരിശുഭൂമികളിൽ പുതിയനെൽവിത്ത് പരീക്ഷിച്ച് കാരമുക്ക് കർഷക കൂട്ടായ്മ. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വട്ടനിലങ്ങളിൽ കൃഷിചെയ്ത് ലാഭകരമായതിന്റെ പ്രചോദനമുൾക്കൊണ്ടാണ് പുതിയതായി വികസിപ്പിച്ചെടുത്ത പൗർണമി നെൽവിത്ത് ഇവിടെ പരീക്ഷിക്കുന്നത്.
കൺവീനർ ബാലകൃഷ്ണൻ തുരുത്തിയിൽ, ചെയർമാൻ ഷാജി നീലകണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ തരിശുഭൂമി ഉടമകളുടെ പിന്തുണയോടുകുടി രൂപം കൊടുത്ത കർഷകകൂട്ടായ്മയാണ് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. മണലൂർ പഞ്ചായത്തിലെ മാങ്ങാട്ടുകര കാരമുക്ക് എന്നിവടങ്ങളിലെ തരിശുഭൂമികളിലാണ് മണലൂർ കൃഷിഭവന്റെ പിന്തുണയോടുകുടി കൃഷി ചെയ്യുന്നത്. മണലൂരിലെ നാല്ഏക്കർ തരിശുഭൂമികളിലും വട്ടനിലങ്ങളിലും പൗർണ്ണമി നെൽവിത്താണ് പരീക്ഷിക്കാനൊരുങ്ങുന്നത്.
മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രമാണ് 2017ൽ അത്യുൽപാദന ശേഷിയുള്ള പൗർണമി വിത്ത് വികസിപ്പിച്ചത്. ആലപ്പുഴയിലെ കുട്ടനാടൻ കോൾ നിലങ്ങളിലും പാലക്കാടുമാണ് പൗർണമി കൃഷിയിറക്കിയത്. തൃശൂരിൽ ആദ്യമായാണ് പൗർണമി കൃഷിയിറക്കുന്നത്.
പതിറ്റാണ്ടുകൾ തരിശുകിടന്നിരുന്ന മാങ്ങാട്ടുകരയിലെ വട്ട നിലങ്ങളിൽ ഏതാനും വർഷങ്ങളായി കൃഷിയിറക്കുന്നുണ്ട്. പൗർണമിയിൽ നൂറുമേനി വിളവ് ലഭിച്ചാൽ ജില്ലയിലെ മുഴുവൻ കോൾ പാടങ്ങളിലും ഈ വിത്തു തന്നെ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
....................
പൗർണമി നെൽവിത്ത് സവിശേഷത
ഏക്കറിൽ ശരാശരി മൂന്നര ടൺ നെല്ല് ലഭിക്കും
മൂപ്പ് കുറവ്.
നെൽച്ചെടിയെ ബാധിക്കാറുള്ള പോള രോഗം, മുഞ്ഞ, ഓല കരിച്ചിൽ പോലുള്ളവ കാര്യമായി ബാധിക്കില്ല
വെള്ള നിറത്തിലുള്ള നെല്ലിന് വലിപ്പവും തൂക്കവും കൂടുതൽ.
അരിക്ക് ചുവന്ന നിറം
കോൾനിലങ്ങളിൽ സാധാരണയായി ഉപയോഗിക്കാറുള്ള ജ്യോതി, ഉമ നെൽവിത്തിനേക്കാൾ ഏറെ ഉത്പാദന ശേഷി
മൂന്നര മാസം കൊണ്ട് വിളവെടുക്കാൻ കഴിയും
അധിക താപം, വരൾച്ച, പുളിരസം, ഉപ്പുരസം എന്നിങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ്
രാസവളം കുറച്ച് ഉപയോഗിച്ചാൽ മതിയെന്നതും നേട്ടം
......................
കാരമുക്ക് കർഷകകൂട്ടായ്മ തന്നെയാണ് പൗർണ്ണമി നെൽക്കൃഷി ചെയ്യുവാൻ തയ്യാറായത്. കർഷകർക്ക് നൽകി വരുന്ന എല്ലാ സഹായങ്ങളും പിന്തുണയും കൃഷിഭവന്റെ ഭാഗത്തു നിന്നുണ്ടാകും
- നിഖിത. ഒ.എം, കൃഷി ഓഫീസർ മണലൂർ
..................
കൃഷിചെയ്യാതെ കിടന്നിരുന്ന വട്ടനിലങ്ങളിൽ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കർഷകകൂട്ടായ്മ കൃഷിചെയ്തത് ലാഭകരമായിരുന്നു.
അതുപോലെ തരിശുഭുമികളും കൃഷിയോഗ്യമാക്കുകയും പുതിയ നെൽവിത്ത് പരീക്ഷിച്ച് കുടുതൽ ലാഭകരമാക്കുകയുമാണ് ലക്ഷ്യം
- ബാലകൃഷ്ണൻ തുരുത്തിയിൽ, കൺവീനർ ,