തൃപ്രയാർ: ശനിയാഴ്ച നടത്തിയ ആന്റിജൻ ടെസ്റ്റുകളിൽ വാടാനപ്പള്ളിയിൽ ഒരു സ്ഥാപനത്തിലെ ഒമ്പത് പേരുൾപ്പെടെ 17 പേരും ഏങ്ങണ്ടിയൂരിലെ അഞ്ച് പേരും നാട്ടികയിൽ 7 പേരും പോസിറ്റീവായി. വാടാനപ്പള്ളിയിൽ 110 പേരെ ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ ടി.ടി ദേവസി ജ്വല്ലറിയിലെ ഒമ്പത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ സ്ഥാപനത്തിൽ രോഗ ബാധിതർ പത്ത് പേരായി. തൃപ്രയാറിലെ ജ്യൂസ് കടയിലെ സമ്പർക്ക പട്ടികയിലുള്ള വാടാനപ്പള്ളി സ്വദേശികളായ അഞ്ച് പേരും വാർഡ് എട്ടിൽ രണ്ട് പേരും മൂന്നാം വാർഡിൽ ഒരാളും ഉൾപ്പെടെയാണ് 17 പേർ പോസിറ്റീവായത്.

ഏങ്ങണ്ടിയൂരിൽ ഒരു ഗ്രാമ പഞ്ചായത്തംഗം ഉൾപ്പെടെയാണ് അഞ്ച് പേർ കൊവിഡ് ബാധിതരായത്. നേരത്തെ മറ്റൊരു ഗ്രാമപഞ്ചായത്തംഗത്തിനും കുടുംബത്തിലെ രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ഏങ്ങണ്ടിയൂരിൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ രണ്ട് പേരാണ് കൊവിഡ് ബാധിതരായത്. നാട്ടികയിൽ 72 പേരെ ടെസ്റ്റ് ചെയ്തതിൽ കണ്ടശാം കടവ് സ്വദേശി ഉൾപ്പെടെ ഏഴ് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗ വ്യാപനം നേരത്തെ തന്നെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞ തളിക്കുളത്ത് ഇന്നലെ 32 പേരെ ടെസ്റ്റ് ചെയ്തതിൽ എല്ലാവരും നെഗറ്റീവായി.