പുതുക്കാട്: പാലിയേക്കര ടോളിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് കരാര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും ദേശീയ പാതയുടെ പ്രൊജക്ടിന്റെ സ്വതന്ത്ര എന്‍ജിനിറിംഗ് സ്ഥാപനമായ എം.എസ്.വി ഇന്റര്‍നാഷണല്‍ പ്രതിനിധികളുമില്ലാതെ കളക്ടറും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടത്തിയ അന്വേഷണം പ്രഹസനമാണെന്നും തീരുമാനം കരാര്‍ കമ്പനിക്ക് അനുകൂലമാകുമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച് ചേര്‍ത്ത യോഗ തീരുമാന പ്രകാരമാണ് കളക്ടര്‍ അന്വേഷണത്തിന് എത്തിയത്. എന്നാല്‍ അതിന് ആധികാരികമായി പരിശോധന നടത്തേണ്ട ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറും ഉദ്യോഗസ്ഥരും എം.എസ്.വി പ്രതിനിധികളും ഇല്ലാതിരുന്നത് കരാര്‍ കമ്പനിയെ സഹായിക്കുന്നതിനാണ്. ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കിക്കേണ്ടത് അതോറിറ്റിയാണ്. ജില്ലാ കളക്ടര്‍ പാലിയേക്കരയിലെ ഫാസ്ടാഗിലെ കാര്യങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുമെന്നാണ് പറഞ്ഞത്.