ചാലക്കുടി: കെ.എസ്.ആർ.ടി.സി ഡിപ്പോയിലുണ്ടായ മരം മുറിയിൽ ഡി.ടി.ഒ കുറ്റക്കാരനാണെന്ന് തൃശൂർ സോഷ്യൽ ഫോറസ്ട്രി അസി. കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ജനുവരിയിൽ നടന്ന മരംമുറിയിലാണ് ഡിപ്പോ മേധാവി നിയമ ലംഘനം നടത്തിയതെന്ന് സോഷ്യൽ ഫോറസ്ട്രിയുടെ കണ്ടെത്തൽ. ഇതിനെതിരെ വകുപ്പുതല നടപടികൾക്കായി കെ.എസ്.ആർ.ടി.സി എറണാകുളം സോണൽ ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി.

മൂന്നു കാറ്റാടി മരങ്ങളുടെ തലഭാഗവും, രണ്ടെണ്ണത്തിന്റെ ശിഖിരങ്ങളും മുറിച്ചുമാറ്റി. മുറിച്ചു മാറ്റിയ ഒരു മരത്തിന്റെ കുറ്റിയും കണ്ടെത്തിയിരുന്നു. മുൻകൂർ അനുമതിയില്ലാതെയാണ് ഇത് നടന്നത്. അനുമതി ലഭിച്ചതിൽ മൂന്നെണ്ണം മുറിച്ചില്ലെന്നും കമ്മിഷൻ കണ്ടെത്തി. ഇത് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് നിഗമനം. പ്രസ്തുത സംഭവം നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അനുമതിയില്ലാത്ത മരങ്ങൾ മുറിച്ചു മാറ്റുന്നത് ജീവനക്കാരുടെ സംഘടനകളാണ് തടഞ്ഞത്. പിന്നീടിവർ ഇതിനെതിരെ പരാതികൾ നൽകി. പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അന്വേഷണവും നടത്തിയിരുന്നു. ഇതേത്തുടർന്ന് ജീവനക്കാരും ഡിപ്പോ മേധാവിയും തമ്മിൽ വാക്ക് പോരുകളും നടന്നു.