ചാലക്കുടി: സി.പി.എം ചാലക്കുടി സൗത്ത് ലോക്കൽ കമ്മിറ്റികളിൽ നിന്നും നഗരസഭാ കൗൺസിലർ അടക്കം മൂന്നു പേരെ ഒഴിവാക്കിയത് പുതിയ ചർച്ചകൾക്ക് വഴിവച്ചു. കൗൺസിലർ വി.ജെ. ജോജി, വനിതാ പ്രവർത്തക ടി.എ. ഷീജ, പാവുണ്ണി എന്നിവരെയാണ് ഒഴിവാക്കിയതെന്ന് ലോക്കൽ കമ്മിറ്റി ഭാരവാഹികളിൽ നിന്നും വിവരം ലഭിച്ചു. ഇതിൽ ഷീജയും പാവുണ്ണിയും തങ്ങളെ തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്തു നൽകിയിരുന്നെന്നും നേതാക്കൾ വ്യക്തമാക്കി.

എന്നാൽ അങ്ങനെ സംഭവിച്ചില്ലെന്നാണ് വിവരം. ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുന്ന തീരുമാനം ഏരിയാ കമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത് അടക്കമുള്ള പല നടപടി ക്രമങ്ങൾ പാലിക്കണം. ഇത്തരം നടപടികൾ ഉണ്ടാകുന്നതിന് മുമ്പേ അംഗങ്ങളെ ഒഴിവാക്കിയെന്ന വിവരം മാദ്ധ്യമങ്ങളിൽ അറിയിച്ചത് ലോക്കൽ കമ്മിറ്റിയിലെ ചേരിപ്പോരാണെന്ന് പറയുന്നു. ലോക്കൽ കമ്മിറ്റിയുടെ തീരുമാനം ആദ്യം അറിഞ്ഞത് കോൺഗ്രസിന്റെ പ്രമുഖ നേതാവാണെന്ന് പറയുന്നു.

വർഷങ്ങളായി സി.പി.എമ്മിന്റെ എല്ലാ രഹസ്യങ്ങളും ചോർത്തുന്ന നേതാവ് തന്നെയാണ് ഏറ്റവും പുതിയ വിവരം മാദ്ധ്യമങ്ങൾക്ക് നൽകിയതത്രെ. വർഷങ്ങളായി തുടരുന്ന ഇത്തരം അന്തർനാടകം വലിയൊരു പരസ്യമായ രഹസ്യവുമാണ്. ഇതേക്കുറിച്ച് ഏരിയാ കമ്മിറ്റിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രം.

കോൺഗ്രസ് നേതാവുമായി രഹസ്യം കൈമാറുന്ന സി.പി.എം നേതാക്കൾക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടെന്നാണ് അറിയുന്നത്. ബി.ഡി. ദേവസി എം.എൽ.എയ്ക്ക് എതിരായി രൂപം കൊള്ളുന്ന അച്ചുതണ്ടിന്റ ഭാഗമാണ് ഇത്തരം നടപടികളെന്നും പറയുന്നു. ഇതിന് ഒരു ജില്ലാ നേതാവും ഒത്താശ ചെയ്യുന്നുണ്ടത്രെ.