കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന കർമ്മ പരിപാടിയിൽ ഉൾപ്പെടുന്ന ജനകീയ ഹോട്ടലിന് എറിയാട് പഞ്ചായത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കോമ്പൗണ്ടിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് 20 രൂപയ്ക്ക് ഊണ് ലഭ്യമാക്കി ജനകീയ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. പാഴ്‌സൽ ആവശ്യമുള്ളവർക്ക് നേരത്തെ ബുക്ക് ചെയ്താൽ 25 രൂപയ്ക്ക് ഊണ് ലഭ്യമാകും. ഞായർ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ ജനകീയ ഹോട്ടൽ പ്രവർത്തിക്കും. പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ ആദ്യവില്പന നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ സിദ്ദിഖ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.എ സബാഹ്, സി.ഡി.എസ് ചെയർപേഴ്‌സൺ വിനീത ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.