ചാലക്കുടി: കർഷക വിരുദ്ധ ഓർഡിനൻസുകളും നിയമ നിർമ്മാണവും നടത്തി കർഷകന്റെ അന്ത്യശ്വാസം എടുക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. ചെറുകിട കർഷകരുടെ കൃഷിയിടങ്ങൾ കോർപറേറ്റുകളുടെ കൈകളിൽ എത്തുന്നതിനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും യൂജിൻ മോറേലി ആരോപിച്ചു. ജനിതകമാറ്റം വരുത്തിയ വിത്തുകൾ കൃഷിയിടത്തിൽ എത്തുന്നതോടെ കൃഷിയിടങ്ങൾ തകരും. ഉത്പന്നങ്ങൾക്ക് താങ്ങുവില നിറുത്തലാക്കുന്ന കാർഷിക ബിൽ കർഷക വിരുദ്ധമാണ്. ചെറുകിട കർഷകരുടെ ഭൂമി നിസ്സാര തുകയ്ക്ക് ഏറ്റെടുത്ത് കമ്പനികൾ കൃഷി ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇതുമൂലം വരാൻ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷക വിരുദ്ധ ബില്ലിൽ പ്രതിഷേധിച്ച് സെപ്തംബർ 22ന് ജില്ലയിൽ കരിദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.