പുതുക്കാട്: ദേശീയപാത പാലിയേക്കര ടോൾ പ്‌ളാസയിൽ ഫാസ് ടാഗ് സംവിധാനം കാര്യക്ഷമമല്ലെന്ന് ബോദ്ധ്യപ്പെട്ടതായി കളക്ടർ എസ്. ഷാനവാസ്. ഇന്നലെ ടോൾ പ്ലാസയിൽ പരിശോധനയ്ക്കെത്തിയ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
വൈകീട്ട് മൂന്നിന് കളക്ടറും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ടോൾപ്ലാസയിലെത്തി. ടോൾ പ്ലാസയിലെത്തുന്ന ഭൂരിഭാഗം വാഹനങ്ങളുടെയും ഫാസ് ടാഗ് റീഡ് ചെയ്യുന്നില്ലെന്നും, പുതിയ സംവിധാനം നിലവിൽ വരുന്നതുവരെ താത്കാലികമായി ടോൾപിരിവ് നിറുത്തിവയ്ക്കാൻ ശുപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു. ദേശീയപാത ഡയറക്ടറുടെ നിർദ്ദേശാനുസരണമാണ് പരിശോധനയെന്നും സാങ്കേതിക സംവിധാനങ്ങളിലെ പോരായ്മകൾ സംബന്ധിച്ച് സർക്കാരിനും ദേശീയപാത അതോറിറ്റിക്കും റിപ്പോർട്ട് നൽകുമെന്നും കളക്ടർ അറിയിച്ചു.
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധനാ സംഘത്തിലുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. ഫാസ് ടാഗ് പോലുള്ള ആധുനിക സംവിധാനം നടപ്പിൽ വരുത്തുമ്പോൾ അതിൽ സുതാര്യത ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, ആർ.ടി.ഒ ബിജു ജെയിംസ്, മോട്ടോർ വെഹിക്കിൾ ഓഫീസർമാരായ ഫെനിൽ, ഉണ്ണിക്കൃഷ്ണൻ, സിന്റോ, ടോൾ പ്ലാസ ചീഫ് ഓപ്പറേറ്റർ ഓഫീസർ എ.വി.സൂരജ് എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.
സംഘം കണ്ടെത്തിയത്
മിക്കവാറും വാഹനങ്ങളിൽ പതിച്ച ഫാസ്ടാഗ് പ്രവർത്തനരഹിതം
ജീവനക്കാർ ഹാൻഡ് ഹോൾഡ് റീഡിംഗ് മെഷീനുമായി ബൂത്തിന് പുറത്തിറങ്ങി ടാഗ് പരിശോധിക്കുന്നു
ഓരോ വാഹനവും 20 സെക്കൻഡിലേറെ സമയമെടുത്താണ് ടോൾബൂത്ത് കടന്നു പോകുന്നത്