alziemers

തൃശൂർ: ഭൂതകാലം മറവിയുടെ ഇരുണ്ട ലോകത്ത് പെട്ടുഴലുന്ന 15 പേർക്ക് പരിചരണവുമായി തുണയാകുകയാണ് രാമവർമ്മപുരത്തെ ഡിമെൻഷ്യ റെസ്‌പൈറ്റ് സെന്റർ. 1992 ൽ ആരംഭിച്ച അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. രാജ്യത്ത് 24 നഗരങ്ങളിൽ ഇവരുടെ സ്ഥാപനങ്ങളുണ്ട്. അഭിഭാഷകർ, എൻജിനീയർ, ബാങ്ക് മാനേജർ, വീട്ടമ്മമാർ, അദ്ധ്യാപകർ, എ.പി.ജെ അബ്ദുൾ കലാമിന്റെ സഹപാഠി എന്നിവരുൾപ്പെടുന്നതാണ് ഇവിടത്തെ അന്തേവാസികൾ.


മനസിനെ മുറിപ്പെടുത്തുന്ന കാഴ്ച


ഈ കേന്ദ്രത്തിലെത്തുന്നവരെ കാത്തിരിക്കുന്നത് നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ്. മരുന്നിന് ഉപരിയായി അനുകമ്പയും പരിചരണവും ആവശ്യമുള്ളവരാണ് ഇവരിലേറെ പേരും. മനസിൽ വലിയ വേദനയായി അവശേഷിക്കുന്ന ഒരമ്മ ഇവിടെയുണ്ട്. ആധുനികമായ പരിചരണം ലഭിക്കാനായാണ് മകൻ അമ്മയെ ഇവിടെ കൊണ്ടുവന്നത്. ഒരാഴ്ച്ച കഴിഞ്ഞെത്താമെന്ന് പറഞ്ഞ് ഇയാൾ ബാംഗ്ലൂരിലുള്ള സഹോദരിയുടെ അടുത്തേക്ക് പോയി. പക്ഷേ അവിടെ വെച്ച് നെഞ്ച് വേദന വന്ന് മരിച്ചു. മകനോട് വളരെ അടുപ്പമുണ്ടായിരുന്ന ഈ അമ്മ ആഴ്ചകളോളം വലിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ക്രമേണ ഈ അമ്മയുടെ ഓർമ്മകളിൽ നിന്നും മകനെ ഡിമെൻഷ്യ കവർന്നെടുത്തു.

നാട്ടിലെ സാമൂഹിക പ്രവർത്തന രംഗത്ത് നിറഞ്ഞ് നിന്ന ഒരു അഭിഭാഷകൻ,​ രോഗം കീഴ്‌പ്പെടുത്തിയപ്പോൾ നിരന്തരമായി അക്രമാസക്തനാകുന്ന ഇദ്ദേഹത്തിനെതിരെ അയൽക്കാർ പരാതിയുമായെത്തി. ആത്മഹത്യ മാത്രം മുന്നിലെന്ന് കരുതി കുടുംബം ഉഴലുമ്പോഴാണ് ഒടുവിൽ ഇവർ കേന്ദ്രത്തിലെത്തുന്നത്. രോഗം പിടിപെട്ട ശേഷം എപ്പോഴും പുറത്ത് പോകാൻ ശ്രമിക്കുന്ന കർഷകൻ, കെട്ടിടത്തിൽ നിന്ന് വീണ് തലച്ചോറിന് ക്ഷതമേറ്റ് മറവി രോഗത്തിന്റെ പിടിയിലായ ചെറുപ്പക്കാരൻ .... അങ്ങനെ ഹതഭാഗ്യരായ നിരവധി പേർക്ക് തുണയാകുകയാണ് ഈ കേന്ദ്രം.

അൽഷിമേഴ്സിൽ ഇന്ത്യ


ഇന്ത്യയിൽ 5.29 ദശലക്ഷം മറവി രോഗികൾ.

ലോകത്ത് രണ്ടാം സ്ഥാനം

ലോകത്ത് 50 ദശലക്ഷം രോഗികൾ.

2030 ആകുമ്പോഴേക്കും ഇന്ത്യയിൽ രോഗികൾ ഇരട്ടിയായേക്കും

ഒരു വർഷത്തെ പരിചരണ ചെലവ് 43,​285 രൂപ

മരണകാരണമാകുന്ന രോഗങ്ങളിൽ ലോകത്ത് മറവിരോഗത്തിന് ഏഴാം സ്ഥാനം

"ഫലപ്രദമായ മരുന്നില്ലാത്ത മറവി രോഗികൾക്ക് ഏകാഗ്രതയ്ക്കും മനസ് ശാന്തമാകാനും വിശപ്പില്ലായ്മക്കും ഉറക്കത്തിനുമൊക്കെയാണ് മരുന്ന്.


സെൻഞ്ചു ജോസഫ്

പ്രൊജക്ട് ഡയറക്ടർ എ.ആർ.ഡി.എസ്.ഐ