dam

തൃശൂർ : ശക്തമായ മഴയിൽ ഡാമുകൾ നിറഞ്ഞതോടെ ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം. ചിമ്മിനി ഡാം എത് സമയവും തുറന്നേക്കാം. സംഭരണ ശേഷിയുടെ 90 ശതമാനത്തിലേറെ ജലനിരപ്പ് ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. സംഭരണ ശേഷിയേക്കാൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള അസുരൻകുണ്ട്, പത്താഴക്കുണ്ട്, പൂമല ഡാമുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിന്റെ അഞ്ച് ഷട്ടറുകൾ 12 അടി വീതവും ഷോളയാറിന്റെ രണ്ട് ഷട്ടറുകൾ രണ്ട് അടി വീതവും തുറന്നു.

മറ്റ് ഡാമുകളായ പീച്ചി, വാഴാനി ഡാമുകളിലും ജലനിരപ്പ് ഉയർന്നു. പീച്ചിയിൽ സംഭരണ ശേഷിയുടെ 85 ശതമാനത്തോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലമ്പുഴ ഡാം തുറന്നതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് തുടങ്ങി. അതിതീവ്രമഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും ജാഗ്രതാ നിർദ്ദേശം നൽകി. എതാനും ദിവസം മുമ്പ് ശക്തി പ്രാപിച്ച മഴ ഇപ്പോഴും തുടരുകയാണ്. ചാലക്കുടിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ജില്ലയിൽ ഇതുവരെ ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു. മഴ ശക്തമായതോടെ കാർഷിക മേഖലയിൽ കനത്ത നാശമാണ് ഉണ്ടായത്. മുണ്ടകൻ കൃഷിയിറക്കിയ കർഷകർ ആശങ്കയിലാണ്. എതാനും ദിവസത്തെ വളർച്ച മാത്രമുള്ള ഞാറ്റടികൾ വെള്ളത്തിനടിയിലായി. കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് മഴ ഇനിയും തുടർന്നാൽ വ്യാപകമായ കൃഷിനാശം ഉണ്ടാകുമെന്ന ആശങ്കയിലാണ്.

ഡാമുകളിലെ ജലനിരപ്പ്

ചിമ്മിനി ഡാം

സംഭരണ ശേഷി 76.70 മീറ്റർ
നിലവില ജലനിരപ്പ് 74.62
ശതമാനം 91.38

പീച്ചി ഡാം

സംഭരണ ശേഷി 79.25 മീറ്റർ
ജലനിരപ്പ് 78.11 മീറ്റർ
ശതമാനം 83.94

വാഴാനി

സംഭരണ ശേഷി 62.48 മീറ്റർ
ജലനിരപ്പ് 59.75 മീറ്റർ
ശതമാനം 85.26

മഴക്കണക്ക് ഇങ്ങനെ (സെന്റി മീറ്ററിൽ)

ചാലക്കുടി 11.2

ഏനാമാവ് 7.4

കൊടുങ്ങല്ലൂർ 6.9

വെള്ളാനിക്കര 6.60
ഇരിങ്ങാലക്കുട 5.1
വടക്കാഞ്ചേരി 4.60


ചാലക്കുടിയിൽ 11 സെന്റിമീറ്ററിലധികം മഴ

കഴിഞ്ഞ ദിവസം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ചാലക്കുടിയിലാണ്. കുറവ് വടക്കാഞ്ചേരിയിലാണ്. ഇരിങ്ങാലക്കുട, വെള്ളാനിക്കര, ഏനാമാവ്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ എല്ലാം തന്നെ ഏഴ് സെന്റി മീറ്ററിൽ താഴെ മഴ ലഭിച്ചിട്ടുണ്ട്.