തൃശൂർ: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മണ്ണ്, പാറ ഉൾപ്പെടെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിറുത്തി വെച്ച് കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. തൃശൂരിൽ അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. മണ്ണിടിച്ചിൽ, വെള്ളക്കെട്ട് എന്നിവ ഉണ്ടാകാനിടയുള്ള ജില്ലയിലെ 125 ഹോട്ട് സ്‌പോട്ടുകളിൽ അതീവ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.
മുൻകാല അനുഭവം വെച്ച് താലൂക്കുകളിൽ അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുൻകരുതലെടുക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. ബുധനാഴ്ച രാവിലെ വരെ മഴ തുടരാനാണ് സാദ്ധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, മലയോരങ്ങളിലെ ചെരുവ് തുടങ്ങി അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചാവക്കാട്, കൊടുങ്ങല്ലൂർ തീരദേശ മേഖലകളിൽ ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റൽ പൊലീസിന്റെയും സഹായത്തോടെ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകും. അപകടസാദ്ധ്യതയുള്ള സമയങ്ങളിൽ വഞ്ചികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
കടൽ സന്ദർശിക്കുന്നതിനും കടലിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കാൻ സാദ്ധ്യതയുള്ളതിനാൽ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലുള്ളവരെയും ഒറ്റപ്പെട്ട താമസിക്കുന്നവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ജലനിരപ്പ് ഉയർന്നാൽ കൃഷിയെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ കൃഷി വകുപ്പിന് നിർദേശം നൽകി.
കനത്ത മഴയെ തുടർന്ന് ചീരക്കുഴി റിസർവോയറിൽ പോത്തുണ്ടി, മംഗലം അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി.
ജില്ലയിൽ റെഡ് അലർട്ട് : അതീവ ജാഗ്രത
തൃശൂർ: ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പല പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. അപകട സാദ്ധ്യതാ മേഖലകളിൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ തുടരുകയാണ്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പുത്തൂർ, കൈനൂർ, പാണഞ്ചേരി, മാടക്കത്തറ, മുളയം പ്രദേശ നിവാസികളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി തഹസിൽദാർ അറിയിച്ചു.