ചാലക്കുടി: മൂന്നു ദിവസമായി തകർത്തു പെയ്ത മഴയിൽ കോടശേരി, പരിയാരം പഞ്ചായത്തുകളിൽ വീണ്ടും കൃഷി നാശം. കപ്പത്തോട് കടന്നു പോകുന്ന പ്രദേശങ്ങളിൽ വൻ തോതിൽ വാഴക്കൃഷി വെള്ളത്തിനടിയിലായി. കുറ്റിക്കാട്, പാറക്കുന്ന്, കമ്മളം, പെരുമ്പിത്തോട്, ഇല്ലിക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിലായി ഇരുപതിനായിരത്തോളം നേന്ത്രവാഴകളെയാണ് വൈകിയെത്തിയ കനത്ത കാലവർഷം ചതിച്ചത്. ഇതിൽ പകുതിലേറെയും കുലച്ചതായിരുന്നു.
ഏക്കർ കണക്കിന് സ്ഥലത്തെ കപ്പക്കൃഷിയും കാലം തെറ്റിയെത്തിയ മഴയിൽ നശിക്കുന്നു. ഇടവിളകളായ ആയിരക്കണക്കിന് ചെറിയ ഇനം കൃഷികളെയും മലവെള്ളം മുക്കിക്തളഞ്ഞു. കിഴക്കൂടൻ ജോമോൻ, തൊമ്മാന ദേവസിക്കുട്ടി, പുളിക്കൻ ബിജു, മാളിയേക്കൽ ജോഷി, കിഴക്കൂടൻ ജോസ്, വടാശേരി അന്തോണി, കാവുങ്ങൽ ജോബി, ഭരണിക്കുളങ്ങര തോമസ്, കൂടമാട്ടി ദിവാകരൻ, ആണ്ടിയേക്കൽ പോൾസൺ, കളത്തിപറമ്പൻ ദേവസിക്കുട്ടി, ഇടശേരി വർഗീസ് തുടങ്ങിയ കർഷകരാണ് ഇക്കുറിയും ദുരിതത്തിലായത്.
കഴിഞ്ഞ ആഗസ്റ്റിൽ ഇവരുടെ കൃഷിയിടത്തിൽ മലവെള്ളം കയറിയിരുന്നു. ഡാമുകളിൽ കൂടുതൽ വെള്ളം വിട്ടതോടെയാണ് ഞായറാഴ്ച ഉച്ചയോടെ കൃഷിയിടങ്ങൾക്ക് വിനയായത്. എന്നാൽ രാവിലെ മുതൽ നാട്ടിൽ മഴ മാറിനിന്നതിനാൽ കൂടുതൽ മലവെള്ളപ്പാച്ചിലിന് വഴിവച്ചില്ല.
വൻതോതിൽ കാർഷിക വിളകൾ നശിക്കുന്നത് മൂന്നു വർഷമായി പതിവാണ്.
- ജോഷി മാളിയേക്കൽ, കർഷകൻ
ചാലക്കുടിപ്പുഴയിലെ പരിയാരം കടവിൽ സ്ഥാനം തെറ്റി തടയണ നിർമ്മിച്ചതാണ് കപ്പത്തോട്ടിലെ വർഷകാലത്തെ വെള്ളത്തിന്റെ ഒഴുക്കിന് തടസമായത്.
- തണ്ടിയേക്കൽ പോൾ, പരിസരവാസി