വടക്കാഞ്ചേരി: മന്ത്രി കെ.ടി. ജലീൽ നിയമവിരുദ്ധ പ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. വടക്കാഞ്ചേരിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭീകരവാദ പ്രവർത്തനവും, സ്വർണ്ണക്കടത്തും വളരെ ഗുരുതരമായ സംഭവങ്ങളാണ്. ഭരണം നടത്തുന്ന സർക്കാർ ഇതൊന്നും ഗൗരവമായി കാണുന്നില്ല. അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിനെല്ലാം ഉത്തരം പറയേണ്ടി വരുമെന്നും കുമ്മനം പറഞ്ഞു.

ഖുറാനെ വിവാദമാക്കി സംഭവത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എം ശ്രമം. കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം പണമുണ്ടാക്കാനുള്ള ഉപാധിയായി മാറി. അധികാരം കൈയിലുണ്ടായാൽ എന്തും ചെയ്യാമെന്ന അവസ്ഥയായി. സ്വർണ്ണക്കടത്തുകേസിൽ മതവികാരം ഇളക്കി വിടാൻ സി.പി.എം ശ്രമിക്കുകയാണ്. സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കുകയാണ്. അതു കൊണ്ടൊന്നും സമരം അവസാനിക്കില്ല. വരും ദിവസങ്ങളിൽ ബി.ജെ.പി സമരം ശകതമാക്കും. താഴെ തട്ടിലേക്ക് സമരം വ്യാപിപിക്കാൻ തീരുമാനമായതായും കുമ്മനം രാജശേഖരൻ അറിയിച്ചു.