തൃശൂർ : തൃശൂർ അടക്കമുള്ള മിക്ക ജില്ലകളിലും അടുത്ത ദിവസങ്ങളിൽ തീവ്രവും അതിതീവ്രവുമായ മഴക്ക് സാദ്ധ്യതയുണ്ടെന്നും അടുത്ത ഏതാനും ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജില്ലയിലെ എല്ലാ ഡാമുകളും അതിന്റെ പരമാവധി ജലനിരപ്പിനോടടുത്തു.
ചാലക്കുടിപ്പുഴയിലേക്ക് വെള്ളം ഒഴുകിവരുന്ന തമിഴ്‌നാട്ടിലെ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ നിലവിൽ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത്, മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ താത്കാലികമായി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ്-19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ട അവശ്യസർവ്വീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിച്ചു. വയൽപ്രദേശം, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളായി വിദഗ്ദ്ധ സമിതി കണ്ടെത്തിയ പ്രദേശങ്ങൾ തുടങ്ങിയ ദുരന്തസാദ്ധ്യത മേഖലകളിൽ ഉള്ളവരെ ഉടൻതന്നെ മുൻകരുതലിന്റെ ഭാഗമായി ബന്ധുവീടുകളിലേക്കോ കൊവിഡ് മാനദണ്ഡപ്രകാരമുള്ള ക്യാമ്പുകളിലേക്കോ മാറ്റാനാണ് നിർദേശം. ലയങ്ങളിലും മറ്റും താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി മാനേജർമാർക്ക് അതാത് തഹസിൽദാർമാർ നിർദ്ദേശം നൽകണം. പുഴകളിൽ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും കർശനമായി വിലക്കി.
എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത
തൃശൂർ : അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം . ജില്ലാ കളക്ടർ എസ്. ഷാനവാസ് അടിയന്തര യോഗം വിളിച്ച് ചേർത്താണ് തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. പുഴകളിൽ ജലനിരപ്പുയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റും. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങളെ വിവിധ മേഖലകളിൽ വിന്യസിക്കും. തീരപ്രദേശത്തും മലയോരത്തും നിതാന്ത ജാഗ്രത പുലർത്താനും സാദ്ധ്യത മുന്നിൽക്കണ്ട് നടപടികൾ സ്വീകരിക്കാനും കളക്ടർ ആവശ്യപ്പെട്ടു.
നിർദ്ദേശങ്ങൾ
കൊവിഡ് മാർഗ നിർദേശം പാലിച്ചാണ് ക്യാമ്പുകൾ ഒരുക്കുക.
താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
ദുരന്ത സാദ്ധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം
ശക്തമായ കടലാക്രമണ സാദ്ധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം