പുതുക്കാട്: തലോരിലെ സെക്കൻഡ്സ് ബൈക്ക് കടയിൽ നിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ച യുവാവിനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വിളയന്തൂർ കണ്ണൻ ഭവനിൽ വൈശാഖിനെ(23) ആണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച തലോരിലെ കടയിൽ ബുള്ളറ്റ് മോട്ടോർ സൈക്കിൾ വാങ്ങാനെന്ന വ്യാജേന എത്തി മോട്ടോർ സൈക്കിളിന്റെ വില ചോദിച്ച് ടെസ്റ്റ് ഡ്രൈവിനായി വാങ്ങിയ വണ്ടിയാണ് ഇയാൾ ഓടിച്ചുപോയത്.
കടയിലെ സി.സി.ടി.വി കാമറയിൽ നിന്നും പ്രതിയുടെ ചിത്രം ലഭിച്ചിരുന്നു. ഇയാൾ കൊല്ലം ഭാഗത്തേക്കാണ് ബൈക്കുമായി പോയത് എന്നറിഞ്ഞ പൊലീസ് ശനിയാഴ്ച വൈകിട്ട് കൊട്ടാരക്കരയിൽ നിന്ന് പ്രതിയെ ബൈക്കുമായി അറസ്റ്റ് ചെയ്തു. 82,000 രൂപ വില വരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചത്.
തലോരിൽ ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെൺ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ആണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. മടവാക്കരയിലുള്ള രാജേഷ് എന്നയാളുടേതാണ് ബൈക്ക് ഷോറൂം.പുതുക്കാട് എസ്.ഐ: കെ.എൻ. സുരേഷ്, എ.എസ്.ഐ: റാഫേൽ, സീനിയർ സി.പി.ഒ: വിനോദ്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രിതിയെ കോടതി റിമാൻഡ് ചെയ്തു.