ചേലക്കര: കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനുള്ള നടപടികളുമായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് രംഗത്ത്. യു.ആർ. പ്രദീപ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന വീഡിയോ കോൺഫറൻസിൽ കൊവിഡ് വ്യാപനം സംബന്ധിച്ച് സ്വീകരിക്കേണ്ടേ മുൻകരുതലുകളെ കുറിച്ച് വിലയിരുത്തി. എല്ലാ പട്ടികജാതി കോളനികളിലും അടിയന്തരമായി വാർഡ് തല സമിതികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.
സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാനും ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു. പട്ടികവർഗ കോളനികളിൽ മൊബൈൽ പരിശോധനാ സംവിധാനം ഏർപ്പെടുത്തും. കൊവിഡ് പ്രോട്ടോകോൾ ലംഘനം കർശനമായി തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. മൈക്രോ കണ്ടെയ്ൻമെന്റ് സാദ്ധ്യത പരമാവധി തയ്യാറാക്കും. കടകമ്പോളങ്ങൾ കളക്ടറുടെ മാർഗനിർദേശ പ്രകാരം തുറന്നു പ്രവർത്തിപ്പിക്കും.
പ്രഥമതല കൊവിഡ് കേന്ദ്രങ്ങളായി ചേലക്കര ഗവ. പോളിടെക്‌നിക്, പാഞ്ഞാൾ ജ്യോതി എൻജിനിയറിംഗ് കോളേജ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ, സെക്രട്ടറി ഗണേഷ്, ആശുപത്രി സൂപ്രണ്ടുമാർ, പ്രാഥമികാരോഗ്യകേന്ദ്രം ഡോക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പൊലീസ് സി.ഐമാർ, പട്ടികജാതി വികസന ഓഫീസർ ഹണി മോൾ എന്നിവർ പങ്കെടുത്തു.
പഴയന്നൂർ
ഇതുവരെ കൊവിഡ് ബാധിച്ചത് - 285 പേർക്ക്
ചികിത്സയിലുള്ളത്- 104 പേർ
രോഗമുക്തി നേടിയത് - 180
നിരീക്ഷണത്തിൽ - 1096 പേർ
ആന്റിജൻ നടത്തിയത് - 2572
ആർ.ടി.പി.സി.ആർ പരിശോധന- 629