തോരാമഴ. ഡാമുകൾ നിറഞ്ഞുകവിയുന്നു. കൊവിഡ് വൈറസാണെങ്കിൽ പിടിമുറുക്കുന്നു. അതിനിടയിലാണ് പ്രതിഷേധം പടർന്നു പിടിക്കുന്നത്. സ്വർണക്കടത്തിന് നേതൃത്വം നൽകിയ പിണറായി വിജയനും മന്ത്രി ജലീലും കൂട്ടു നിന്ന മന്ത്രിമാരുമെല്ലാം രാജിവെച്ച് പുറത്ത് പോകണം എന്നാവശ്യപ്പെട്ട് യുവമോർച്ചയും യൂത്ത് കോൺഗ്രസും മഹിളാമോർച്ചയും കെ.എസ്.യുവുമെല്ലാം സമരപാതയിലാണ്. അവരെ നേരിടാൻ പൊലീസിന് ബാരിക്കേഡുണ്ട്. പക്ഷേ, എന്തു കാര്യം. ചവിട്ടിക്കയറിയും തളളിമറിച്ചിട്ടും പ്രതിഷേധക്കാർ മുന്നോട്ടു നീങ്ങും. അപ്പോഴാണ് ഇക്കാലത്തെ സൂപ്പർ സ്റ്റാർ ജലപീരങ്കിയെ രംഗത്തിറക്കുന്നത്. വെളളം ചീറ്റിച്ച് പ്രതിഷേധം തണുപ്പിക്കാനാണത്. സമരക്കാരുമായി പൊലീസിന് സാമൂഹിക അകലം പാലിക്കുകയുമാവാം. പക്ഷേ, വെളളം കുടിച്ച് ജലപീരങ്കി വലയുന്ന കാഴ്ചയായിരുന്നു തൃശൂരിൽ കണ്ടത്. എത്ര വെളളം നിറച്ചാലും വീണ്ടും അടുത്ത സമരമാകുമ്പോഴേയ്ക്കും പീരങ്കി കാലിയാവും. വീണ്ടും നിറയ്ക്കും. പിന്നെയും സമരം. പക്ഷേ, പീരങ്കി തോറ്റില്ല.
ജലപീരങ്കിയുളള സമരം കാണാനും ആൾക്കാരുണ്ട്. സമരങ്ങൾ ടിവി ചാനലുകളിൽ കാണുമ്പോഴും രസം. മാർച്ച് പ്രഖ്യാപിക്കുമ്പോഴേയ്ക്കും ലക്ഷ്യ സ്ഥാനത്തെത്ത് ഈ പീരങ്കി നിലയുറപ്പിക്കും. ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലുമുളളതു പോലെ ചോരക്കളമാകില്ല സമരാങ്കണം. പൊലീസിനും കാര്യമായ പണിയുണ്ടാകില്ല. അതുകൊണ്ടാണ് ജലപീരങ്കികൾക്ക് ഡിമാൻഡേറുന്നത് എന്നാണ് പറയുന്നത്. പക്ഷേ, വെള്ളം ശരീരത്തിൽ പതിക്കുന്ന ശക്തിയിൽ തന്നെ പരുക്കേൽക്കാനും സാധ്യതയുണ്ടെന്ന് കാണുന്നവർക്കറിയില്ല. റോഡിൽ തലയിടിച്ച് വീണാലും അപകടമുണ്ടാവും. ചെവിയിൽ തട്ടിയാൽ കർണപുടം തകരും. ടാങ്കിൽ നിറയ്ക്കുന്ന വെള്ളത്തിൽ രോഗകാരികളായ അണുക്കളുണ്ടെങ്കിൽ അതും പ്രശ്‌നമാകും. ജലപരിശോധന നടത്തിയൊന്നുമല്ല വെളളം പീരങ്കിയിൽ നിറയ്ക്കുന്നത്. അതൊന്നും പൊലീസിൻ്റെ പണിയുമല്ല. അതുകൊണ്ടു തന്നെ സമരക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാമെന്ന് പറയുന്നു.
ഇതൊന്നും എല്ലാവർക്കും അറിയില്ല. ചിലപ്പോൾ സമരക്കാരും അറിയുന്നുണ്ടാവില്ല. എങ്കിലും ജലപീരങ്കി കണ്ടുപിടിച്ചവനെ പൊലീസ് നമിക്കുകയാണ്. ഈ കൊവിഡ് കാലത്ത് ഇതുപോലൊരു ആയുധം അവർക്ക് വേറെ കിട്ടാനുണ്ടോ? ചിലപ്പോൾ ഉന്നം തെറ്റി പൊലീസുകാരെയും നനയ്ക്കുമെങ്കിലും ജലപീരങ്കി പൊലീസിന് ആശ്വാസമാണ്. അടുത്ത കാലത്താണ് അവൻ എത്തിയതെങ്കിലും കുറച്ചുനാൾ കൊണ്ട് താരമായ ആയുധമാകുന്നു ഈ പീരങ്കി.
സ്ത്രീകളോട് വേണ്ട
പ്രതിഷേധമുഖത്ത് ഇപ്പോൾ സ്ത്രീകളും ഏറെയുണ്ട്. മഹിളാ മോർച്ചയുടെ മാർച്ചിൽ ബാരിക്കേഡുകൾ മറികടന്നാണ് പ്രതിഷേധം കത്തിപ്പിടിച്ചത്. അപ്പോൾ പൊലീസ് അവരുടെ സ്ഥിരം ആയുധമായ ജലപീരങ്കി എടുത്തില്ല. സ്ത്രീകളുടെ പ്രതിഷേധാഗ്നി വെള്ളം കൊണ്ട് കെടുത്തേണ്ട എന്നാണ് നിർദ്ദേശം. അതുകൊണ്ട് വനിതാ പൊലീസ് പ്രതിരോധമതിൽ തീർത്തു.
മഴക്കാലമായതിനാലും ഡാമുകളും കിണറുകളും കുളങ്ങളും നിറഞ്ഞു കിടക്കുന്നതു കൊണ്ടുമാണ് ജലപീരങ്കി പ്രയോഗം വ്യാപകമാകുന്നതെന്നാണ് പറയുന്നത്. വേനൽക്കാലമായാൽ ഇപ്പോൾ ഉപയോഗിക്കുന്നതു പോലെ എല്ലാ സമരങ്ങളെയും നേരിടാൻ ജലപീരങ്കിയെ ആശ്രയിക്കില്ല. എത്ര പ്രളയം വന്നാലും മഴ തോരാതെ പെയ്താലും വേനൽക്കാലത്ത് കുടിയ്ക്കാൻ പോലും വെളളം കിട്ടാത്ത നാടാണല്ലോ നമ്മുടേത്. ആ സമയത്ത് പീരങ്കി കൊണ്ടു വന്ന് വെള്ളം കളഞ്ഞാൽ ആരെങ്കിലും സഹിക്കുമോ. ഒരു പക്ഷേ, വേനൽക്കാലത്ത് ചുട്ടുപൊളളുന്ന സമയത്ത് ഈ പീരങ്കിയുണ്ടായിരുന്നെങ്കിൽ എന്ന് മോഹിച്ചുപോകുന്ന പ്രതിഷേധക്കാരുണ്ടാകാം.
പക്ഷേ, ആ മോഹം അങ്ങനെ പലർക്കും സഫലമായിട്ടില്ല.
ഇനിയും സമരം കടുത്താൽ ജലപീരങ്കിയാവില്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. പകർച്ചവ്യാധിനിയന്ത്രണ നിയമം കൂടി ചേർത്ത് കേസെടുക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ജലപീരങ്കിയുടെ തണുപ്പുണ്ടാവില്ല. പക്ഷേ, പ്രതിഷേധം കുറയ്ക്കില്ലെന്നാണ് പ്രതിപക്ഷസംഘടനകളുടെ മുന്നറിയിപ്പ്. വിഷയം സ്വർണക്കടത്താണ്. രാജ്യം ഉറ്റുനോക്കുന്ന കേസിലെ പ്രതിഷേധത്തിന് പൊന്നുവിലയുണ്ട്. സ്വർണവില പോലെ ഈ സമരത്തിന്റെ മൂല്യവും അനുദിനം കൂടുകയാണെന്ന് പറയുന്നുണ്ട്, സമരക്കാർ...