തൃശൂർ: ജില്ലയിൽ മഴക്ക് നേരിയ കുറവ് ഉണ്ടെങ്കിലും ഡാമുകളിലേക്ക് ഉള്ള നീരോഴുക്ക് ശക്തമായതിനാൽ പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കും. പീച്ചി ഡാം രാവിലെ 11.30ന് തുറന്നു. ചിമ്മിനി ഡാം ഉച്ചക്ക് തുറക്കും. വൃഷ്ടിപ്രദേശത്തെ കനത്ത മഴ മൂലം ഉയർന്നുകൊണ്ടിരിക്കുന്ന ജലവിതാനം 78.40 മീറ്ററിൽ നിലനിർത്താനാണ് പീച്ചി ഡാമിലെ നാല് ഷട്ടർ 6 ഇഞ്ച് ഉയർത്താനും കെ.എസ്.ഇ ബി വൈദ്യുതോൽപ്പാദനം തുടങ്ങാനും ജില്ലാകലക്ടർ അനുമതി നൽകിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പീച്ചി ഡാമിലെ ജലവിതാനം 78.48 മീറ്റർ ആണ്. ഇത് അനുവദനീയമായതിനേക്കാൾ എട്ട് സെന്റിമീറ്റർ കൂടുതലാണ്. ജലവിതാനം ഓരോ മണിക്കൂറിലും ഒരു സെൻറീമീറ്റർ വീതം ഉയരുകയാണ്.
പീച്ചി ഡാം ഇന്ന് രാവിലെ പത്തു മണിക്ക് തുറക്കും എന്നാണ് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇത് പിന്നീട് മാറ്റുക ആയിരുന്നു. ഇന്നലെ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഷട്ടർ തുറക്കുന്നതിന് മുന്നോടിയായി വൈദ്യുതി ഉൽപാദന കേന്ദ്രത്തിന്റെ സ്ലൂയീസ് വഴി വെള്ളം തുറന്നുവിട്ട് അതിന്റെ പ്രവർത്തനം പരിശോധിക്കണമെന്ന് ഇലക്ട്രിസിറ്റി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ആശങ്കകൾക്ക് അടിസ്ഥാനമില്ലെങ്കിലും മണലിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ചിമ്മിനി ഡാം ഉച്ചക്ക് തുറക്കും
വൃഷ്ടിപ്രദേശത്തെ കനത്ത മഴ മൂലം ഉയർന്നുകൊണ്ടിരിക്കുന്ന ജലവിതാനം അനുവദനീയമായ അളവിൽ നിലനിർത്താൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചിമ്മിനി ഡാമിലെ 2 ഷട്ടർ 15 സെന്റി മീറ്റർ ഉയർത്താനും കെ.എസ്.ഇ.ബി വൈദ്യുതോൽപാദനം തുടങ്ങാനും ജില്ലാകലക്ടർ അനുമതി നൽകി. രാവിലെ എട്ടുമണിക്ക് ചിമ്മിനി ഡാമിലെ ജലവിതാനം 75 മീറ്റർ ആണ്. ചിമ്മിനി ഡാമിന്റെ പരമാവധി ജലവിതാനം 76.70 മീറ്ററാണ്. സംഭരണ ശേഷിയേക്കാൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള അസുരൻകുണ്ട്, പത്താഴക്കുണ്ട്, പൂമല ഡാമുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിന്റെ അഞ്ച് ഷട്ടറുകൾ 12 അടി വീതവും ഷോളയാറിന്റെ രണ്ട് ഷട്ടറുകൾ രണ്ട് അടി വീതവും കഴിഞ്ഞ ദിവസം തുറന്നിരുന്നു. പെരിങ്ങൽ കുത്ത് ഡാമിന്റെ സ്ലൂയിസറുകൾ ഉയർത്തിയതിനെ തുടർന്ന് ചാലക്കുടി പുഴയിൽ വെള്ളം പൊങ്ങി തുടങ്ങി. മലമ്പുഴ ഡാം തുറന്നതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ചാലക്കുടിയിലാണ് കഴിഞ്ഞ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
ജില്ലയിൽ ഇതുവരെ ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു. മഴ ശക്തമായതോടെ കാർഷിക മേഖലയിൽ കനത്ത നാശമാണ് ഉണ്ടായത്. മുണ്ടകൻ കൃഷിയിറക്കിയ കർഷകർ ആശങ്കയിലാണ്. എതാനും ദിവസത്തെ വളർച്ച മാത്രമുള്ള ഞാറ്റടികൾ വെള്ളത്തിനടിയിലായി. കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് മഴ ഇനിയും തുടർന്നാൽ വ്യാപകമായ കൃഷിനാശം ഉണ്ടാകുമെന്ന ആശങ്കയിലാണ്. കാലാവർഷത്തിൽ പരിയാരത്ത് കല്ലിങ്ങൽ തോമസിന്റെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു.
ഡാമുകളിലെ ഇന്ന് രാവിലത്തെ ജലനിരപ്പ്
ചിമ്മിനി ഡാം
സംഭരണ ശേഷി 76.70 മീറ്റർ
നിലവില ജലനിരപ്പ് 75 മീറ്റർ
പീച്ചി ഡാം
സംഭരണ ശേഷി 79.25 മീറ്റർ
ജലനിരപ്പ് 78.48 മീറ്റർ
വാഴാനിഡാം
സംഭരണ ശേഷി 62.48 മീറ്റർ
ജലനിരപ്പ് 59.75 മീറ്റർ