തൃശൂർ: കുടുംബശ്രീക്ക് സംസ്ഥാനതല പരിശീലന കേന്ദ്രം തൃശൂരിൽ ഒരുങ്ങുന്നു. കുടുംബശ്രീ ഷീ ലോഡ്ജ് ട്രെയിനിംഗ് സെന്റർ എന്ന പേരിൽ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്താണ് പരിശീലന കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നത്. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 5.36 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 10 നില കെട്ടിടം നിർമ്മിക്കുന്നതിനാണ് ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടം അഞ്ച് നിലകളുടെ പണിയാണ് നടക്കുന്നത്. രണ്ടു നിലകളുടെ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിച്ച് നവംബറിൽ പ്രവത്തനമാരംഭിക്കാനാണ് പദ്ധതി. 100 ആളുകൾക്ക് ഇവിടെ താമസിച്ച് പരിശീലനം നടത്താൻ സാധിക്കുമെന്നും ഷൊർണൂർ റെയിൽവേ സ്റ്റേഷൻ അടുത്തായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് സൗകര്യമായിരിക്കുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് അംഗം കെ പി രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുലൈമാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ആർ ജയകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.എം ഷെരീഫ്, അസിസ്റ്റന്റ് എൻജിനീയർ പി.കെ അജയകുമാർ എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം കെട്ടിടം സന്ദർശിച്ചു.