ചേർപ്പ്: കാലാനുസൃതമായ വില വർദ്ധനവിലും പലഹാരങ്ങൾ പഴമയുടെ വിലയിൽ വിറ്റ് ജീവിത ഉപാധി തേടുകയാണ് ചേർപ്പ് ഊരകം സ്വദേശി ഇറ്റാപ്പിരി വീട്ടിൽ ഭാസ്‌കരൻ. 15 വർഷക്കാലമായി തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഊരകം സെന്ററിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സൈക്കിളിൽ പലഹാര കച്ചവടവുമായി ഇദ്ദേഹത്തെ കാണാം.
സൈക്കിളിന്റെ പിന്നിലെ സ്റ്റാൻഡിൽ വച്ചു കെട്ടിയ പലഹാരക്കൂടിലും സഞ്ചിയിലും നിറച്ച പരിപ്പുവട, ഉള്ളിബോണ്ട, ഉഴുന്നുവട, ബജി എന്നിവ വിൽപ്പന ചെയ്താണ് എഴുപത്തിയൊമ്പതാം വയസിലും ഭാസ്‌കരൻ ജീവിത വരുമാനം കണ്ടെത്തുന്നത്. ദിവസവും രാവിലെ ഊരകം ലക്ഷ്മി റോഡിലുള്ള വീട്ടിൽ ഭാര്യ സുലോചനയും മൊത്ത് വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കി ഊരകം സെന്ററിലെത്തുന്ന ഭാസ്‌കരന്റെ പലഹാരങ്ങൾക്ക് രണ്ടും മൂന്നും നാലും രൂപയെന്നതാണ് കൗതുകകരം. കച്ചവടം ആരംഭിക്കുന്ന കാലത്ത് ഒരു രൂപയായിരുന്നു പരിപ്പുവടയുടെ വിലയെന്ന് ഭാസ്‌കരൻ പറഞ്ഞു. പലഹാരങ്ങൾ ഉണ്ടാക്കുന്ന സാധനങ്ങൾക്ക് വില വർദ്ധിച്ചതിനാൽ അൽപം വില പലഹാരങ്ങൾക്കും കൂട്ടേണ്ടി വന്നു. എന്നാലും നിത്യവും നൂറിലേറെ പലഹാരങ്ങൾ കച്ചവടം നടത്തുന്നുണ്ട്. കച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് നാല് പെൺമക്കളുടെ വിവാഹം നടത്തിയതും.
കൊവിഡ് ലോക്ക്ഡൗൺ മൂലം കുറച്ച് നാൾ കച്ചവടം നിറുത്തേണ്ടി വന്നു. കല്യാണസദ്യകളുടെ സമയത്ത് ആയിരത്തോളം വരുന്ന പരിപ്പുവടയുടെ ഓർഡറുകളും ലഭിക്കാറുണ്ട്. നാട്ടിൽ സദ്യകൾ കുറഞ്ഞതോടെ അവയും നിലച്ചു. ഊരകത്ത് ഹോട്ടൽ തൊഴിലും സദ്യകൾക്ക് വിളമ്പാൻ പോകുന്നതടക്കമുള്ള ജോലികൾ ചെയ്തിട്ടുള്ള ഭാസ്കരന് പഴമയുടെ പലഹാരങ്ങൾ ഉണ്ടാക്കി കച്ചവട ലാഭം മോഹിക്കാതെ സ്വാദോടെ ആളുകൾക്ക് നൽകുന്നതാണ് ഇപ്പോഴും ഇഷ്ടം. ഇനിയുള്ള കാലവും പലഹാര കച്ചവടവുമായി മുന്നോട്ട് പോകണമെന്നതു തന്നെയാണ് ഭാസ്കരന്റെ ആഗ്രഹവും.
ഊരകം സെന്ററിൽ പലഹാര കച്ചവടം നടത്തുന്ന ഇറ്റാപ്പിരി ഭാസ്‌കരൻ.