അന്തിക്കാട്: അന്തിക്കാട് കോൾ പാടശേഖരത്തിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ശക്തമായ സമ്മർദ്ദത്തെ തുടർന്ന് കൃഷി മന്ത്രിയും കളക്ടറും ഇടപെട്ടതിനെ തുടർന്ന് കാഞ്ഞാണി പാലക്കഴക്ക് ചേർന്നുള്ള കഴ വീണ്ടും തുറന്നു. കഴ തുറന്ന് മണിക്കൂറുകൾക്കുള്ളിൽ അന്തിക്കാട് കോൾ പാടശേഖരത്തിലെ രണ്ടായിരം ഏക്കർ കോൾ നിലങ്ങളിൽ നിന്ന് രണ്ടടിയോളം വെള്ളം കുറഞ്ഞു.
ഇതോടെ അന്തിക്കാട് കോൾ പാടശേഖരത്തിലെ കൃഷി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിംഗ് യോഗത്തിലെ തീരുമാനപ്രകാരം കൂടുതൽ നടപടികളുണ്ടാകും. കളക്ടറുടെ നിർദ്ദേശ പ്രകാരം അന്തിക്കാട്, മണലൂർ, പഞ്ചായത്ത് അധികാരികൾ, പാടശേഖര കമ്മിറ്റി പ്രതിനിധികൾ, ബന്ധപെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പ്രശ്‌നബാധിത പ്രദേശം സന്ദർശിക്കുക. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളുണ്ടാകും. ഇരു പടവ് കമ്മിറ്റികൾ തീരുമാനത്തിലെത്താൻ വൈകിയാൽ ഔദ്യോഗിക ഇടപെടലിന് മടിക്കില്ലെന്നും കളക്ടർ പറഞ്ഞു.
അന്തിക്കാട്, മണലൂർ, പഞ്ചായത്ത് പ്രസിഡന്റുമാർ, പുഞ്ച, സ്പഷ്യൽ ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, പാടശേഖര സമിതി പ്രതിനിധികൾ, ഡബിൾ കോൾ ലെയ്‌സൺ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.