തൃശൂർ : കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്നലെ അൽപ്പം ശമനം ഉണ്ടെങ്കിലും ചില മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റ് ഏറെ നാശം വിതച്ചു. ജില്ലയിലെ ഡാമുകളെല്ലാം തുറക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രധാന ഡാമുകളിൽ വാഴാനി ഒഴികെ എല്ലാ ഡാമുകളും തുറന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ മഴ ശക്തമായാൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. പീച്ചീ, വാഴാനി, പെരിങ്ങൽക്കുത്ത്, അസുരൻകുണ്ട്, പൂമല, പത്താഴക്കുണ്ട് ഡാം എല്ലാം തുറന്നിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിക്കുന്നുണ്ട്. വാഴാനിയിലും ജലനിരപ്പ് ഉയരുകയാണ്. മലമ്പുഴ ഡാം തുറന്നതിനെ തുടർന്ന് ഭാരതപ്പുഴയിൽ വെള്ളം പൊങ്ങിത്തുടങ്ങി.
മലയോര മേഖലയിൽ കനത്ത നാശം
ശക്തമായ കാറ്റിൽ മലയോര മേഖലയിൽ നാശനഷ്ടമുണ്ടായി. വരന്തരപ്പിള്ളി മലയോര മേഖലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടമുണ്ടായി. ഒന്ന്, നാല്, ഒമ്പത് എന്നീ വാർഡുകളിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം സംഭവിച്ചിട്ടുള്ളത്. കാരിക്കുളം, വെട്ടിങ്ങപ്പാടം ഭാഗത്ത് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. പോസ്റ്റുകൾ മറിഞ്ഞു വീണതിനാൽ വൈദ്യുത ബന്ധം തടസപ്പെട്ടു. കൃഷിക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജാതി, തെങ്ങ്, വാഴ, റബ്ബർ തുടങ്ങിയവ കടപുഴകി വീണു. തേക്ക്, മഹാഗണി മരങ്ങൾ കാറ്റിൽ കടപുഴകി വീണതിനെ തുടർന്ന് റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. പാവറട്ടിയിലും കാറ്റിൽ വീട് തകർന്നു.
പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നു
തൃശൂർ: വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കെ.എസ്.ഇ.ബി വൈദ്യുതോത്പാദനം തുടങ്ങി. ഡാമുകൾ തുറക്കുന്നതിനും വൈദ്യുതോത്പാദനം നടത്തുന്നതിനും ഇന്നലെയാണ് കളക്ടർ അനുമതി നൽകിയത്. ഡാമുകളുടെ നാല് സ്പിൽവേ ഷട്ടറുകളും അഞ്ച് സെന്റിമീറ്റർ വീതമാണ് തുറന്നത്.
പീച്ചി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വഴി 9.11 ക്യുമെക്സ് ജലം ഒഴുകുന്നുണ്ട്. പീച്ചി ഡാം തുറന്നതിനാൽ മണലിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. 78.58 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 90.35 ശതമാനമാണ്. പരമാവധി ജലനിരപ്പ് 79.25 മീറ്ററും, ഫുൾ റിസർവോയർ ലെവൽ 79.25 മീറ്ററുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പീച്ചിയുടെ വൃഷ്ടി പ്രദേശത്ത് 48.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.
ചിമ്മിനി ഡാം തുറന്നതിനാൽ കുറുമാലിപ്പുഴ, കരുവന്നൂർപ്പുഴ എന്നീ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനം മറ്റു അനുബന്ധ പ്രവൃത്തികൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് നാലിന് 75.17 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. ഇവിടെ സംഭരണ ശേഷിയുടെ 93.98 ശതമാനം ജലമുണ്ട്. പരമാവധി ജലനിരപ്പ് 76.70 മീറ്ററും ഫുൾ റിസർവോയർ ലെവൽ 76.40 മീറ്ററുമാണ്.